കൊറോണ ചികിത്സക്ക് അതിജീവിച്ചവരുടെ രക്തഘടകം! ചികിത്സക്ക് അമേരിക്ക അനുമതി നല്‍കും

കൊവിഡ് 19 ബാധിച്ച രോഗികള്ക്ക് രോഗം അതിജീവിച്ചവരുടെ രക്തഘടകം ഉപയോഗിച്ച് ചികിത്സ നല്കാന് അമേരിക്ക അനുമതി നല്കുന്നു.
 | 
കൊറോണ ചികിത്സക്ക് അതിജീവിച്ചവരുടെ രക്തഘടകം! ചികിത്സക്ക് അമേരിക്ക അനുമതി നല്‍കും

വാഷിങ്ടണ്‍: കൊവിഡ് 19 ബാധിച്ച രോഗികള്‍ക്ക് രോഗം അതിജീവിച്ചവരുടെ രക്തഘടകം ഉപയോഗിച്ച് ചികിത്സ നല്‍കാന്‍ അമേരിക്ക അനുമതി നല്‍കുന്നു. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഈ അനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച അംഗീകരിച്ച അടിയന്തര പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടപടി. രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ചായിരിക്കും ചികിത്സ.

രോഗമുക്തി നേടിയവരുടെ രക്തത്തില്‍ വൈറസുകള്‍ക്കെതിരെ ആന്റിബോഡികള്‍ ശക്തമായിരിക്കും. ഇതടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ ബാധിതരെ ചികിത്സിക്കാന്‍ ന്യൂയോര്‍ക്ക് ഭരണകൂടം പദ്ധതിയിട്ടതിന് പിന്നാലെയാണ് എഫ്ഡിഎ തീരുമാനം എടുത്തിരിക്കുന്നത്. കോണ്‍വാലസെന്റ് പ്ലാസ്മ എന്ന ഈ ചികിത്സാ രീതി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം പകര്‍ച്ചവ്യാധികള്‍ക്ക് എതിരെ ഉപയോഗിച്ചിരുന്നു.

കൂടുതല്‍ ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നത് വരെ ഇത് ഗുണകരമായിരിക്കുമെന്നാണ് ആരോഗ്യ വിദഗദ്ധര്‍ പറയുന്നത്. 2002ല്‍ ചൈനയില്‍ സാര്‍സ് രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ രീതി ഉപയോഗിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.