സിറിയയില്‍ വ്യോമാക്രമണം നടത്താനുള്ള പദ്ധതിയില്‍നിന്ന് കാമറൂണ്‍ പിന്‍മാറുന്നു

സിറിയയില് ഐസിസിനെതിരേ വ്യോമാക്രമണം നടത്താനുള്ള പദ്ധതിയില്നിന്ന് കാമറൂണ് പിന്മാറുന്നു. ഇറാഖിന്റെ അതിര്ത്തികള്ക്കു പുറത്തേക്ക് സൈനിക നടപടികള് വ്യാപിപ്പിക്കുന്നതിനെതിരേ ഹൗസ് ഓഫ് കോമണ്സില് അഭിപ്രായമുയര്ന്നതിനേത്തുടര്ന്നാണ് ഈ പിന്മാറ്റമെന്നാണ് സൂചന.
 | 
സിറിയയില്‍ വ്യോമാക്രമണം നടത്താനുള്ള പദ്ധതിയില്‍നിന്ന് കാമറൂണ്‍ പിന്‍മാറുന്നു

ലണ്ടന്‍: സിറിയയില്‍ ഐസിസിനെതിരേ വ്യോമാക്രമണം നടത്താനുള്ള പദ്ധതിയില്‍നിന്ന് കാമറൂണ്‍ പിന്‍മാറുന്നു. ഇറാഖിന്റെ അതിര്‍ത്തികള്‍ക്കു പുറത്തേക്ക് സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നതിനെതിരേ ഹൗസ് ഓഫ് കോമണ്‍സില്‍ അഭിപ്രായമുയര്‍ന്നതിനേത്തുടര്‍ന്നാണ് ഈ പിന്‍മാറ്റമെന്നാണ് സൂചന. വിഷയത്തില്‍ ജെറമി കോര്‍ബിന്റെ നിലാപടുകളോട് എതിര്‍പ്പുള്ള ലേബര്‍ എംപിമാരുടെ പിന്തുണ ആര്‍ജിക്കാനും കാമറൂണിന് കഴിഞ്ഞില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പു കൂടിയായപ്പോള്‍ സിറിയയില്‍ ഇടപെടാനുള്ള പദ്ധതിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടത്.

ടോറികളുടെ നിയന്ത്രണത്തിലുള്ള കോമണ്‍സ് സമിതിയും കാമറൂണിന്റെ പദ്ധതിയെ പരസ്പരബന്ധമില്ലാത്തതെന്നാണ് വിമര്‍ശിച്ചത്. സിറിയയില്‍ ഏത് വിധത്തിലുള്ള ഇടപെടലാണ് നടത്തേണ്ടത് എന്ന വിഷയത്തില്‍ വ്യക്തമായ പദ്ധതി അവതരിപ്പിക്കാന്‍ കാമറൂണിന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികളെ തുരത്തുന്നതിലും സിറിയയിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കുന്നതിലും വ്യക്തമായ ധാരണ നല്‍കാന്‍ കാമറൂണ്‍ പരാജയപ്പെട്ടതോടെയാണ് കോമണ്‍സില്‍ ഇതിനെതിരേ അഭിപ്രായമുയര്‍ന്നത്.

സിറിയയില്‍ വ്യോമാക്രമണത്തിനായുള്ള നീക്കങ്ങള്‍ നടത്തി വരവേയാണ് കാമറൂണിന് പാര്‍ലമെന്റില്‍നിന്ന് തിരിച്ചടി നേരിട്ടത്. ആളില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് സിറിയയില്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു കാമറൂണ്‍ ലക്ഷ്യമിട്ടിരുന്നത്. ആക്രമണം നടത്തിയാല്‍ ബ്രിട്ടനെതിരേ കൂടുതല്‍ ഭീകരാക്രമണങ്ങളുണ്ടാകാനുമിടയുണ്ടെന്നും എംപിമാര്‍ അഭിപ്രായപ്പെട്ടു. ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് സിറിയയിലെ ഐസിസിനെതിരേ പോരാട്ടം നടത്താനുള്ള നീക്കം അപ്രായോഗികമാണെന്ന വിമര്‍ശനവും എംപിമാര്‍ ഉയര്‍ത്തി.

സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഒരു പദ്ധതി ഉയര്‍ന്നു വരുന്നതുവരെ ബ്രിട്ടന്‍ സൈനികമായി ഇടപെടേണ്ടതില്ല എന്നാണ് കോമണ്‍സ് വിദേശകാര്യ സെലക്റ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടത്. അത്തരമൊരു പദ്ധതിയുടെ അഭാവത്തില്‍ സിറിയയില്‍ ഏകപക്ഷീയമായി ആക്രമണം നടത്താനുള്ള ആശയത്തോട് യോജിക്കാനാവില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. സൈനിക, നയതന്ത്ര ഇടപെടലുകള്‍ക്കായുള്ള പദ്ധതിയില്‍ ചില സംശയങ്ങളും റിപ്പോര്‍ട്ട് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇവയ്ക്ക് മറുപടി പറയാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവയ്ക്ക് തൃപ്തികരമായി മറുപടി പറയാതെ സൈനിക നടപടിയുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കാനാവില്ലെന്നും സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.