ക്യാപ്പിറ്റോള്‍ കലാപത്തില്‍ മരണം നാലായി; ട്രംപിനെ നീക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് ക്യാബിനറ്റ് അംഗങ്ങള്‍

ക്യാപ്പിറ്റോള് ആക്രമണത്തില് മരിച്ചവരുടെ എണ്ണം നാലായി ഉയര്ന്നു.
 | 
ക്യാപ്പിറ്റോള്‍ കലാപത്തില്‍ മരണം നാലായി; ട്രംപിനെ നീക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് ക്യാബിനറ്റ് അംഗങ്ങള്‍

വാഷിംഗ്ടണ്‍: ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. ആക്രമണത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നേരത്തേ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ 52 പേരെ അറസ്റ്റ് ചെയ്തതായി വാഷിംഗ്ടണ്‍ പോലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ ചിലരില്‍ നിന്ന് ലൈസന്‍സ് ഇല്ലാത്ത തോക്കുകളും കണ്ടെടുത്തു.

ഇതിനിടെ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കുന്നത് സംബന്ധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ ക്യാബിനറ്റിലുള്ളവര്‍ തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായി മൂന്ന് അമേരിക്കന്‍ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികാരമൊഴിയാന്‍ പ്രസിഡന്റിന് കഴിയാത്ത അവസ്ഥയില്‍ വൈസ് പ്രസിഡന്റിനും ക്യാബിനറ്റിനും പ്രസിഡന്റിനെ നീക്കംചെയ്യാന്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ 25-ാം ഭേദഗതി സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

ഇതനുസരിച്ച് സഭാധ്യക്ഷനായ വൈസ് പ്രസിഡന്റിന് ക്യാബിനറ്റ് വിളിച്ചുകൂട്ടി വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ നീക്കം ചെയ്യാനാകും. ട്രംപ് നിയന്ത്രണം വിട്ട അവസ്ഥയിലാണെന്നും അതിനാലാണ് ഇത്തരമൊരു ചര്‍ച്ച നടത്തിയതെന്നും പേരു വെളിപ്പെടുത്താത്ത റിപ്പബ്ലിക്കന്‍ നേതാവ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് അനുകൂലികളുടെ അപ്രതീക്ഷിത നീക്കത്തില്‍ സ്വന്തം പ്രതിനിധികളുടെ പോലും പിന്തുണ ട്രംപിന് നഷ്ടമായാതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.