അഭയാര്‍ത്ഥികളെ തടയാന്‍ മുതലകളും പാമ്പുമുള്ള കുളം, വൈദ്യുത വേലി, ഇല്ലെങ്കില്‍ കാലില്‍ വെടിവെക്കൂ; നിര്‍ദേശിച്ച് ട്രംപ്

പിടിക്കപ്പെടുന്ന അഭയാര്ത്ഥികളുടെ കുട്ടികളെ അവരില് നിന്ന് അകറ്റി മറ്റൊരു തടവറയില് താമസിപ്പിക്കാനും ട്രംപ് നിയമം കൊണ്ടുവന്നിരുന്നു.
 | 
അഭയാര്‍ത്ഥികളെ തടയാന്‍ മുതലകളും പാമ്പുമുള്ള കുളം, വൈദ്യുത വേലി, ഇല്ലെങ്കില്‍ കാലില്‍ വെടിവെക്കൂ; നിര്‍ദേശിച്ച് ട്രംപ്

വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലെത്തുന്ന അഭയാര്‍ത്ഥികളെ നേരിടാന്‍ അതിക്രൂരമായ നടപടികള്‍ക്ക് ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കെട്ടിയിരിക്കുന്ന മതില്‍ വൈദ്യുതീകരിക്കാനും മതിലിന് സമീപത്തായി മനുഷ്യരെ കൊല്ലുന്ന മുതലകളും പാമ്പുകളുമുള്ള കിടങ്ങ് നിര്‍മ്മിക്കാനുമാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്.

മെക്‌സിക്കന്‍ അതിര്‍ത്തിയിലെ സുരക്ഷയെ മറികടന്ന് ആരെങ്കിലും അമേരിക്കയിലേക്ക് എത്തിയാല്‍ അവരുടെ കാലിന് താഴെ വെടിവെച്ച് വീഴ്ത്താന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ഓവല്‍ ഓഫീസില്‍ നടന്ന വൈറ്റ് ഹൗസ് അഡൈ്വസേഴ്‌സ് യോഗത്തിലാണ് വിചിത്ര നിര്‍ദേശവുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിന് ശേഷം ഇത്രയും ക്രൂരമായി മനുഷ്യരെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിച്ച മറ്റൊരു നേതാവുണ്ടാവില്ലെന്നായിരുന്നു ട്രംപിന്റെ നിര്‍ദേശത്തിനോട് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചത്.

അമേരിക്കയുടെ കുടിയേറ്റ നയങ്ങള്‍ മുന്‍പും അതിശക്തമായി എതിര്‍ക്കപ്പെട്ടിട്ടുണ്ട്. ആയിരങ്ങളെയാണ് മുന്‍പ് അതിര്‍ത്തി കടന്ന കുറ്റത്തിന് ട്രംപ് തടവറയിലാക്കിയത്. കൂടാതെ പിടിക്കപ്പെടുന്ന അഭയാര്‍ത്ഥികളുടെ കുട്ടികളെ അവരില്‍ നിന്ന് അകറ്റി മറ്റൊരു തടവറയില്‍ താമസിപ്പിക്കാനും ട്രംപ് നിയമം കൊണ്ടുവന്നിരുന്നു. 2000 മൈല്‍ ദൂരത്തായി നീണ്ടു കിടക്കുന്ന മെക്‌സിക്കന്‍ അതിര്‍ത്തി പൂര്‍ണമായും അടച്ചിടാനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത്. മതില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. അഭയം തേടിയെത്തുന്നവരെ മൃഗതുല്യരായി പരിഗണിക്കുന്ന നിലപാടില്‍ നിന്നും ട്രംപ് പിന്‍മാറണമെന്ന് നേരത്തെയും ആവശ്യമുയര്‍ന്നിരുന്നു.