കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു; അതും നൂറ് വർഷങ്ങൾക്ക് ശേഷം

കുഞ്ഞുങ്ങളുടെ ജനനം എല്ലാ കുടുംബങ്ങളിലും ആഘോഷമാണ്. എന്നാൽ ബ്രിട്ടണിലെ ഒരു കുടുംബത്തിൽ അടുത്തിടെ ഉണ്ടായ കുഞ്ഞിന്റെ ജനനം ആ കുടുംബാംഗങ്ങൾക്കെല്ലാം ഇരട്ടി സന്തോഷമാണ് നൽകുന്നത്.
 | 
കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു; അതും നൂറ് വർഷങ്ങൾക്ക് ശേഷം

ലണ്ടൻ: കുഞ്ഞുങ്ങളുടെ ജനനം എല്ലാ കുടുംബങ്ങളിലും ആഘോഷമാണ്. എന്നാൽ ബ്രിട്ടണിലെ ഒരു കുടുംബത്തിൽ അടുത്തിടെ ഉണ്ടായ കുഞ്ഞിന്റെ ജനനം ആ കുടുംബാംഗങ്ങൾക്കെല്ലാം ഇരട്ടി സന്തോഷമാണ് നൽകുന്നത്. കാരണമെന്താണെന്നല്ലേ? നൂറ് വർഷങ്ങൾക്ക് ശേഷമാണ് ആ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. അതുവരെ സിൽവേർട്ടൺ ഫാമിലിയിൽ ആൺകുഞ്ഞുങ്ങൾ മാത്രമാണ് ജനിക്കാറുണ്ടായിരുന്നതെന്നാണ് ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നത്.

സെപ്റ്റംബർ ഒൻപതിനാണ് ഡാനിയേലയുടേയും ജെറമി സിൽവേർട്ടന്റെയും മകളായി കുഞ്ഞു പോപ്പി ജനിച്ചത്. 1913-ലാണ് ഈ കുടുംബത്തിൽ ഇതിന് മുൻപ് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഇതിനിടെ സിൽവേർട്ടൺ കുടുംബത്തിൽ 16 ആൺകുട്ടികൾ ജനിച്ചു. എപ്പോഴത്തെയും പോലെ ഇത്തവണയും കുഞ്ഞ് ആണായിരിക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് പോപ്പിയുടെ മുത്തച്ഛൻ പറഞ്ഞു. എന്നാൽ പ്രതീക്ഷ തെറ്റി പുതിയ കുടുംബാംഗം പെണ്ണായതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

പെൺകുഞ്ഞ് ജനിക്കാനായി തങ്ങൾ പ്രത്യേകിച്ച് ശാസ്ത്രിയമായൊന്നും ചെയ്തില്ലെന്ന് കർഷകനും അദ്ധ്യാപകനുമായ ജെറമി പറയുന്നു. പരിശോധനയുടെ ഭാഗമായി കുഞ്ഞ് പെണ്ണാണെന്ന് സൂചന ലഭിച്ചെങ്കിലും ആശുപത്രി ജീവനക്കാർക്ക് തെറ്റു പറ്റിയതായിരിക്കാമെന്നായിരുന്നു താൻആദ്യം കരുതിയതെന്ന് കുഞ്ഞു പോപ്പിയുടെ അമ്മ പറയുന്നു.