ഇത് സന്നാ മാരിന്‍; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ലോകരാജ്യങ്ങളില് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിമാരില് ഏറ്റവും പ്രായം കുറഞ്ഞയാളെന്ന പദവിയിലേക്ക് ഒരു വനിതാ പ്രധാനമന്ത്രി.
 | 
ഇത് സന്നാ മാരിന്‍; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ഹെല്‍സിങ്കി: ലോകരാജ്യങ്ങളില്‍ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിമാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന പദവിയിലേക്ക് ഒരു വനിതാ പ്രധാനമന്ത്രി. ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സന്നാ മാരിന്‍ ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 34 വയസ് മാത്രമാണ് സന്നാ മാരിന്റെ പ്രായം. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രിയായിരുന്ന സന്നാ മാരിന്‍ പ്രധാനമന്ത്രിയാകുന്നത്.

ഇതോടെ ഫിന്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാവുകയാണ് സന്നാ മാരിന്‍. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ സന്നാ 2015 മുതല്‍ ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമാണ്. 2012ല്‍ ടാംപേര്‍ സിറ്റി കൗണ്‍സിലിലേക്കാണ് ഇവര്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2013 മുതല്‍ 2017 വരെ സിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്സണായി അധികാരത്തിലിരുന്നു.

ഇതിന് ശേഷമാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ പഞ്ചകക്ഷി സര്‍ക്കാരിനെ നയിക്കാനുള്ള ചുമതലയാണ് ഇപ്പോള്‍ സന്നായ്ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. നിലവില്‍ ഉക്രൈന്‍ പ്രധാനമന്ത്രിയായ ഒലക്‌സി ഹോണ്‍ചാരുക് ആണ് ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 35 കാരനാണ് ഒലക്‌സി.