ചൈനയ്ക്ക് പുറത്ത് ആദ്യ കൊറോണ വൈറസ് മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ലോകമൊട്ടാകെ പടര്ന്നുപിടിക്കുന്ന കൊറോണ വൈറസ് മൂലം ചൈനയ്ക്ക് പുറത്ത് ആദ്യ മരണം
 | 
ചൈനയ്ക്ക് പുറത്ത് ആദ്യ കൊറോണ വൈറസ് മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

മനില: ലോകമൊട്ടാകെ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് മൂലം ചൈനയ്ക്ക് പുറത്ത് ആദ്യ മരണം. ഫിലിപ്പൈന്‍സിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നെത്തിയ 44 വയസുള്ള ചൈനക്കാരനാണ് ഇവിടെ മരിച്ചത്. ഫിലിപ്പൈന്‍സില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ക്ക് വൈറസ് ബാധയേറ്റിരുന്നു.

ഫിലിപ്പൈന്‍സിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി രബീന്ദ്ര അബെയസിംഗെയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചയാള്‍ക്കൊപ്പം എത്തിയ 38കാരിയായ ചൈനീസ് സ്ത്രീക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ഫിലിപ്പൈന്‍സില്‍ കൊറോണ ആദ്യമായി സ്ഥിരീകരിച്ചത് ഈ വനിതയിലാണ്. മരണത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഫിലിപ്പൈന്‍സ് വിലക്കേര്‍പ്പെടുത്തി. ചൈന, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഫിലിപ്പൈന്‍സ് തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. ലോകത്താകമാനം 14,449 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലാണ് രണ്ട് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.