മധ്യവയസ്‌ക കൊള്ളയടിച്ചത് മൂന്ന് ബാങ്കുകൾ; അതും 30 മിനിട്ടിനുളളിൽ

ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്നതായിരുന്നു ബാങ്ക് കൊള്ളയിൽ സിൻഡി കരാബൊ എന്ന 50 വയസുകാരിയുടെ പ്രകടനം. റെക്കോർഡ് സമയത്തിനുള്ളിലായിരുന്നു ഇവർ മൂന്ന് ബാങ്കുകൾ കൊള്ളയടിച്ചത്. അതും വെറും 30 മിനിറ്റിനുള്ളിൽ.
 | 
മധ്യവയസ്‌ക കൊള്ളയടിച്ചത് മൂന്ന് ബാങ്കുകൾ; അതും 30 മിനിട്ടിനുളളിൽ

 

ഫ്‌ളോറിഡ: ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്നതായിരുന്നു ബാങ്ക് കൊള്ളയിൽ സിൻഡി കരാബൊ എന്ന 50 വയസുകാരിയുടെ പ്രകടനം. റെക്കോർഡ് സമയത്തിനുള്ളിലായിരുന്നു ഇവർ മൂന്ന് ബാങ്കുകൾ കൊള്ളയടിച്ചത്. അതും വെറും 30 മിനിറ്റിനുള്ളിൽ. കഴിഞ്ഞ തിങ്കളാഴ്ച ഫ്‌ളോറിഡ ബ്രാൻഡൻ പ്രദേശങ്ങളിലുളള മൂന്ന് ബാങ്കുകളാണ് സിൻഡി കൊള്ളയടിച്ചത്. വൈകാതെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബിബി ആന്റ് ടി എന്ന ബാങ്കിലാണ് ഉച്ചതിരിഞ്ഞ് 3.19 ഓടെ സിൻഡി ആദ്യം എത്തിയത്. കൗണ്ടറിൽ എത്തിയ ഉടൻ ‘തന്റെ കൈവശം തോക്കുണ്ടെന്നും, പണം ഉടൻ നൽകണം’ എന്നുമുള്ള ഒരു കുറിപ്പ് ക്യാഷ്യർക്ക് നൽകി. പരിഭ്രമിച്ച ക്യാഷ്യർ പണം നൽകുകയായിരുന്നു. അവിടെ നിന്നും പണവുമായി കടന്നുകളഞ്ഞ സിൻഡി 16 മിനിറ്റിനു ശേഷം 3.35 ഓടെ വെൽസ് ഫാർഗോ എന്ന ബാങ്കിലെത്തി ഇതേ തന്ത്രം തന്നെ പയറ്റി. ഇവിടെ നിന്നും കിട്ടിയ പണവുമായി എട്ട് മിനിറ്റിനുശേഷം 3.43 ഓടെ പോയത് ഫ്‌ളോറിഡാ സെൻട്രൽ ക്രെഡിറ്റ് യൂണിയൻ എന്ന ബാങ്കിനെ ലക്ഷ്യം വച്ചായിരുന്നു. ഇവിടെ നിന്നും കവർച്ച ചെയ്ത പണവുമായി ഇവർ രക്ഷപ്പെട്ടു.

ഇതിനിടെ ഹിൽസ്ബറൊ കൗണ്ടി പോലീസ് ഇവരുടെ കാർ നമ്പർ തിരിച്ചറിഞ്ഞു. കാർ അന്വേഷിച്ചു അന്വേഷണ സംഘം ഇവരുടെ അപ്പാർട്ട്‌മെന്റിലെത്തുകയും തുകയുമായി എത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.