ബാങ്കുകളിൽ നിന്നും ഹാക്കർമാർ മോഷ്ടിച്ചത് 6,215 കോടി രൂപ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്കുകളിൽ നിന്നായി ഹാക്കർമാർ മോഷ്ടിച്ചത് ഒരു ബില്യൺ ഡോളറാണെന്ന് (ഏകദേശം 6,215 കോടി രൂപ) സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ വെളിപ്പെടുത്തൽ.
 | 
ബാങ്കുകളിൽ നിന്നും ഹാക്കർമാർ മോഷ്ടിച്ചത് 6,215 കോടി രൂപ

 

മോസ്‌കോ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്കുകളിൽ നിന്നായി ഹാക്കർമാർ മോഷ്ടിച്ചത് ഒരു ബില്യൺ ഡോളറാണെന്ന് (ഏകദേശം 6,215 കോടി രൂപ) സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ വെളിപ്പെടുത്തൽ. 2013 ന്റെ അവസാനത്തോടെയാണ് ഹാക്കർമാർ സജീവമായതെന്നും സ്ഥാപനം പറയുന്നു. 30 രാജ്യങ്ങളിലുള്ള നൂറുകണക്കിന് ബാങ്കുകളിൽ നിന്നായി അപഹരിക്കപ്പെട്ട തുകയേക്കുറിച്ചാണ് റഷ്യൻ സുരക്ഷാ കമ്പനിയായ കാസ്പർസ്‌കി ലാബ് പറയുന്നത്.

പിഷിങ് സ്‌കീമും മറ്റും ഉപയോഗിച്ച് ബാങ്കിന്റെ കമ്പ്യൂട്ടറിനകത്ത് നുഴഞ്ഞ് കയറി അവരുടെ പ്രവർത്തന രീതികളും മറ്റും പഠിക്കും. സ്‌ക്രീൻ ഷോട്ട് എടുത്ത് ശേഖരിക്കും. ചിലപ്പോൾ ഉദ്യോഗസ്ഥർ കമ്പ്യൂട്ടറിൽ ചെയ്യുന്ന ജോലിയുടെ വീഡിയോ വരെ ഇവർ നിരീക്ഷിക്കുമെന്നും കമ്പനി പറയുന്നു.

ബാങ്കിന്റെ ഇടപാടുകളും രീതികളും മറ്റും മനസ്സിലാക്കി കഴിഞ്ഞാൽ, സംശയം തോന്നാത്ത വിധമാണ് ഇവരുടെ പ്രവർത്തനം. വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലേക്ക് പണമയച്ച്  തട്ടിപ്പ് നടത്തുന്നു. ഇതു കൂടാതെ പ്രോഗ്രാമിങ് എ.ടി.എം മുഖാന്തിരം ഇവർ പണം തട്ടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കാൻകനിൽ തിങ്കളാഴ്ച നടക്കുന്ന സുരക്ഷാ കോൺഫറൻസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അവതരിപ്പിക്കും. ദി ന്യൂയോർക്ക് ടൈംസാണ് ഇതിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്.

ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേയ്ക്ക് കടത്തുന്നതിന് മുൻപ് കുറഞ്ഞ തുക മാത്രമേ ഇവർ അടിച്ച് മാറ്റൂ. അതുകൊണ്ട് കൂടിയാണ് ഈ കളവിനെ കുറിച്ച് തുടക്കത്തിൽ തിരിച്ചറിയാതെ പോയതെന്ന് കാസ്പർസ്‌കി സുരക്ഷാ ഗവേഷണ തലവൻ വിസന്റ് ഡയസിനെ ഉദ്ദരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഉപഭോക്താക്കളേയോ അവരുടെ അക്കൗണ്ട് വിവരങ്ങളോ ഉപയോഗിക്കാതെ ബാങ്കിനെ ലക്ഷ്യം വച്ചാണ് ഇവരുടെ പ്രവർത്തനം എന്നതാണ് വിചിത്രം. ചാരപ്രവർത്തനമോ മറ്റ് ഗൂഢ ലക്ഷ്യമോ അല്ല സാമ്പത്തിക നേട്ടമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ, യു.എസ്, ജർമ്മനി, ചൈന, ഉക്രൈൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിലെ പ്രവർത്തനങ്ങളെന്നാണ് റിപ്പോർട്ട്. ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും സാധ്യതയുണ്ടെന്നും കമ്പനി സൂചിപ്പിക്കുന്നു. എ.ടി.എം തട്ടിപ്പ് വഴി ഒരു ബാങ്കിന് 45 കോടിയുടെ നഷ്ടവും ഓൺലൈൻ ബാങ്കിങ് വഴി മറ്റൊരു ബാങ്കിന് 62 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഏതൊക്കെ ബാങ്കുകളാണ് ഇത്തരത്തിൽ തട്ടിപ്പിന് വിധേയമായതെന്ന കാര്യത്തിൽ കാസ്പർസ്‌കിക്ക് വ്യക്തതയില്ല. തട്ടിപ്പിനെ കുറിച്ച് ബാങ്കുകളെ ബോധവാന്മാരാക്കാനും ഇത്തരം പ്രവൃത്തികൾക്ക് തടയിടാനും തങ്ങളുടെ പ്രവർത്തനം കൊണ്ട് കഴിയുമെന്നും കമ്പനി പ്രത്യാശിക്കുന്നു.

റഷ്യൻ ബാങ്കുകളാണ് മോഷണത്തിന്റെ ആദ്യ ഇരകൾ. കഴിഞ്ഞ വർഷം സോണി പിക്‌ചേഴ്‌സിന്റെ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറി രേഖകളും സിനിമയുടെ സ്‌ക്രിപ്റ്റും അടിച്ചുമാറ്റിയ സംഭവവുമുണ്ടായി. ഇതേത്തുടർന്ന് സൈബർ സുരക്ഷയെയും പ്രതിരോധ പ്രവർത്തനങ്ങളെയും കുറിച്ച് ലോകം മുഴുവൻ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.