അദാനിക്ക് എസ്ബിഐ ലോണ്‍ നല്‍കരുത്; ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ പിച്ചില്‍ ഇറങ്ങി പ്രതിഷേധം

ടീം ഇന്ത്യയുടെ ഓസ്ട്രേലിയന് പര്യടനത്തിലെ ആദ്യ ഏകദിന മത്സരവേദിയില് അദാനിക്കെതിരെ പിച്ചില് ഇറങ്ങി പ്രതിഷേധം.
 | 
അദാനിക്ക് എസ്ബിഐ ലോണ്‍ നല്‍കരുത്; ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ പിച്ചില്‍ ഇറങ്ങി പ്രതിഷേധം

ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ഏകദിന മത്സരവേദിയില്‍ അദാനിക്കെതിരെ പിച്ചില്‍ ഇറങ്ങി പ്രതിഷേധം. ഓസ്‌ട്രേലിയയിലെ ഖനന വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദാനി എന്റര്‍പ്രൈസസിന് ഒരു ബില്യന്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (5000 കോടി രൂപ) വായ്പ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഏകദിന മത്സരം നടക്കുന്നതിനിടെ രണ്ടു പേര്‍ പ്ലക്കാര്‍ഡുകളുമായി ഗ്രൗണ്ടില്‍ ഇറങ്ങുകയായിരുന്നു. ഇതോടെ കളി അല്‍പ സമയത്തേക്ക് നിര്‍ത്തിവെച്ചു.

ഓസ്‌ട്രേലിയ ബാറ്റിംഗ് ആരംഭിച്ച് ആറാമത്തെ ഓവറിലായിരുന്നു സംഭവം. ഗ്രൗണ്ടില്‍ ഇറങ്ങി പ്രതിഷേധിച്ചവരെ സുരക്ഷാ ജീവനക്കാര്‍ പുറത്തേക്ക് മാറ്റി. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച ഒരാളെ സുരക്ഷാ ജീവനക്കാര്‍ എടുത്തു മാറ്റുകയായിരുന്നു. അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി കല്‍ക്കരി ഖനനം നടത്തുന്ന കാര്‍മിഖായേല്‍ ഖനിക്കെതിരെ ഓസ്‌ട്രേലിയയില്‍ ആക്ടിവിസ്റ്റുകള്‍ മുന്‍പും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അദാനിക്ക് ഖനനത്തിന് അനുമതി നല്‍കിയതിന് എതിരെയും നേരത്തേ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു.

ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ സ്‌റ്റോപ്പ് അദാനി എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദാനിയുടെ മൈനിംഗ് കമ്പനി അടുത്തിടെ ബ്രേവസ് മൈനിംഗ് ആന്‍ഡ് റിസോഴ്‌സസ് എന്ന് പേര് മാറ്റിയിരുന്നു. ഈ കമ്പനിക്ക് എസ്ബിഐ ഒരു ബില്യന്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വായ്പ നല്‍കാന്‍ പോകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം. കോവിഡ് മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന അന്താരാഷ്ട്ര മാച്ചാണ് പ്രതിഷേധത്തിന് വേദിയായത്.