കൊറോണ മരണങ്ങള്‍; നടന്‍ തമ്പി ആന്റണിയുടെ നഴ്‌സിംഗ് ഹോമിനെതിരെ അമേരിക്കയില്‍ അന്വേഷണം

കോവിഡ് ബാധയില് 13ഓളം രോഗികള് മരിച്ചതിനെത്തുടര്ന്ന് നടന് തമ്പി ആന്റണി തെക്കേക്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കയിലെ നഴ്സിംഗ് ഹോമിനെതിരെ അന്വേഷണം.
 | 
കൊറോണ മരണങ്ങള്‍; നടന്‍ തമ്പി ആന്റണിയുടെ നഴ്‌സിംഗ് ഹോമിനെതിരെ അമേരിക്കയില്‍ അന്വേഷണം

വാഷിംഗ്ടണ്‍: കോവിഡ് ബാധയില്‍ 13ഓളം രോഗികള്‍ മരിച്ചതിനെത്തുടര്‍ന്ന് നടന്‍ തമ്പി ആന്റണി തെക്കേക്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കയിലെ നഴ്‌സിംഗ് ഹോമിനെതിരെ അന്വേഷണം. കാലിഫോര്‍ണിയയിലെ ഹേയ്‌വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഗെയിറ്റ്‌വേ കെയര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിനെതിരെയാണ് ക്രിമിനല്‍ അന്വേഷണം നടക്കുന്നത്. അലമീഡ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്ന് എബിസി7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് ബാധിച്ച് മരിച്ച നിരവധി പേരുടെ ബന്ധുക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും ഗെയിറ്റ്‌വേ കെയര്‍ സെന്ററില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പൊസിറ്റീവാണെന്ന് വ്യക്തമായിട്ടും ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ചുവെന്നും ആരോപണമുണ്ട്. അന്തേവാസികള്‍ക്ക് രോഗം പടരാതിരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടില്ലെന്നും നഴ്‌സിംഹ് ഹോമിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ഫോണില്‍ ലഭിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

തമ്പി ആന്റണിയുടെയും ഭാര്യ പ്രേമയുടെയും ഉടമസ്ഥതയിലാണ് നഴ്‌സിംഗ് ഹോം പ്രവര്‍ത്തിക്കുന്നത്. കിടപ്പുരോഗികളായ പ്രായമായവരെ സംരക്ഷിക്കുന്ന മറ്റ് ഏഴ് നഴ്‌സിംഗ് ഹോമുകള്‍ കൂടി ഇവരുടെ ഉടമസ്ഥതിയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്ന് ഇവര്‍ പുതിയ നഴ്‌സിംഗം ഹോമുകള്‍ക്കായി നല്‍കിയ അപേക്ഷകള്‍ കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് നിരസിച്ചിട്ടുണ്ട്. അന്തേവാസികളെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് 2018ല്‍ തമ്പി ആന്റണിയുടെ ഒരു നഴ്‌സിംഗ് ഹോം അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.