Saturday , 14 December 2019
News Updates

സംഘര്‍ഷമൊഴിയാതെ ഗള്‍ഫ് മേഖല; ഇറാന്‍ പിടിച്ചെടുത്ത രണ്ടാമത്തെ കപ്പലിനെക്കുറിച്ച് ദുരൂഹത തുടരുന്നു

ടെഹ്‌റാന്‍: ബ്രിട്ടീഷ് കപ്പലിന് പിന്നാലെ മറ്റൊരു കപ്പലും ഇറാന്‍ നാവിക സേന പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. നിയമവിരുദ്ധമായി എണ്ണക്കടത്ത് നടത്തിയതിനെ തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്. കപ്പലിനെക്കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. ഏത് രാജ്യത്ത് നിന്നാണ് കപ്പലെത്തിയതെന്ന് ഇറാന്‍ വെളിപ്പെടുത്താന്‍ ഇതുവരെ തയ്യാറാവാത്തത് മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുകയാണ്. ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഇറാന്‍ ഒരു കപ്പല്‍ കൂടി പിടിച്ചെടുത്തതോടെ അമേരിക്കയ്ക്ക് ഒപ്പം ചേരാന്‍ കൂടുതല്‍ രാജ്യങ്ങളെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര കപ്പല്‍ ചാലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിവിധ ലോകരാജ്യങ്ങളുടെ ആവശ്യം യു.എന്നിന്റെ പരിഗണനയിലുണ്ട്. പിടിച്ചെടുത്ത തങ്ങളുടെ കപ്പല്‍ വിട്ടുതരാതെ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ മോചിപ്പിക്കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്.

കപ്പല്‍ പോര് മുറുകിയാല്‍ ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകും. യു.എ.ഇ, സൗദി ഉള്‍പ്പെടെ പ്രധാന ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയുടെ നീക്കത്തിനൊപ്പം നില്‍ക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന സൂചന. എന്നാല്‍ ഏത് സൈനിക നീക്കത്തെയും നേരിടാന്‍ സജ്ജമാണെന്നാണ് ഇറാന്റെ അവകാശവാദം. മേഖലയില്‍ പടയൊരുക്കം വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

DONT MISS