യുക്രൈന്‍ വിമാനം തകര്‍ന്നത് ഇറാന്‍ മിസൈല്‍ പതിച്ചത് മൂലമെന്ന് കാനഡയും യുകെയും

ഇറാനില് യുക്രൈനിയന് വിമാനം തകര്ന്നു വീണത് ഇറാന്റെ മിസൈല് പതിച്ചത് മൂലമാണെന്ന് ആരോപിച്ച് കാനഡയും യുകെയും രംഗത്ത്.
 | 
യുക്രൈന്‍ വിമാനം തകര്‍ന്നത് ഇറാന്‍ മിസൈല്‍ പതിച്ചത് മൂലമെന്ന് കാനഡയും യുകെയും

വാഷിംഗ്ടണ്‍: ഇറാനില്‍ യുക്രൈനിയന്‍ വിമാനം തകര്‍ന്നു വീണത് ഇറാന്റെ മിസൈല്‍ പതിച്ചത് മൂലമാണെന്ന് ആരോപിച്ച് കാനഡയും യുകെയും രംഗത്ത്. വിമാനം തകര്‍ന്ന മിസൈല്‍ പതിച്ചിട്ടാണെന്ന സംശയം പ്രകടിപ്പിച്ച് അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്. ഇക്കാര്യം സാധൂകരിക്കുന്ന രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. മിസൈല്‍ പതിച്ചത് മനഃപൂര്‍വമല്ലെന്ന് തങ്ങള്‍ക്ക് അറിയാം. എങ്കിലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കനേഡിയന്‍ ജനതക്കും തനിക്കും ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കേണ്ടതുണ്ടെന്ന് ട്രൂഡോ പറഞ്ഞു.

തകര്‍ന്ന വിമാനത്തില്‍ 63 കനേഡിയന്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ അസ്വാഭാവികതയുണ്ടെന്നും അതേ സമയം തന്നെ മനഃപുര്‍വ്വമായിരിക്കാന്‍ സാധ്യതയില്ലെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. വിമാനത്തിന് എന്ത് സംഭവിച്ചു എന്നതില്‍ തനിക്ക് സംശയമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ബുധനാഴ്ചയാണ് ടെഹ്റാനില്‍നിന്ന് 176 പേരുമായി പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു.

ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച ഇറാന്‍ അപകടം അന്വേഷിക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായി അറിയിച്ചു. യുക്രൈന്‍ പ്രതിനിധി നിലവില്‍ ഇറാനിലുണ്ട്. അവര്‍ക്ക് ബ്ലാക്ക് ബോക്സ് പരിശോധന നടത്താന്‍ അവസരം നല്‍കും. അപകടത്തില്‍ മരിച്ച മറ്റു രാജ്യക്കാരുടെ പ്രതിനിധികളേയും സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ അറിയിച്ചു. ഇറാഖിലെ അമേരിക്കന്‍ താവളങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തി ദിവസം തന്നെയാണ് വിമാനം തകര്‍ന്നു വീണത്.