തിരിച്ചടിച്ച് ഇറാന്‍; ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ മിസൈല്‍ ആക്രമണം

രഹസ്യ സേനാത്തലവന് ഖാസിം സുലൈമാനിയുടെ വധത്തിന് തിരിച്ചടിച്ച് ഇറാന്.
 | 
തിരിച്ചടിച്ച് ഇറാന്‍; ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ മിസൈല്‍ ആക്രമണം

ബാഗ്ദാദ്: രഹസ്യ സേനാത്തലവന്‍ ഖാസിം സുലൈമാനിയുടെ വധത്തിന് തിരിച്ചടിച്ച് ഇറാന്‍. ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 12ലധികം ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചുവെന്നാണ് വിവരം.

ഇറാന്‍ ആക്രമണം നടത്തിയെന്ന് പെന്റഗണും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്ഥിരീകരിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് പെന്റഗണ്‍ അറിയിച്ചു. ലോകത്തെ ഏറ്റവു ശക്തമായ സേനയാണ് അമേരിക്കയുടേതെന്നും നാളെ രാവിലെ പ്രസ്താവന നടത്തുമെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ആക്രമണത്തിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെറും വൈറ്റ് ഹൗസിലെത്തി.

അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഇറാന്‍ തിരിച്ചടിച്ചിരിക്കുന്നത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചടങ്ങുകള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചതോടെ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.