ഫേസ്ബുക്കിൽ പ്രവാചകനെ അധിക്ഷേപിച്ച ബ്ലോഗർക്ക് വധശിക്ഷ

ഫേസ്ബുക്കിൽ ഇസ്ലാമിനേയും പ്രവാചകൻ മുഹമ്മദ് നബിയെയും അധിക്ഷേപിച്ച കുറ്റത്തിന് ബ്ലോഗർക്ക് വധശിക്ഷ വിധിച്ചു. ടെഹ്റാൻ ക്രിമിനൽ കോടതിയാണ് സൊഹേലി അറബി എന്ന ഇറാനിയൻ ബ്ലോഗറെ വധശിക്ഷക്ക് വിധിച്ചത്. വിവിധ പേരുകളിലായി എട്ട് ഫേസ്ബുക്ക് പേജുകളാണ് സൊഹേലിക്ക് ഉണ്ടായിരുന്നത്.
 | 

ടെഹ്‌റാൻ: ഫേസ്ബുക്കിൽ ഇസ്ലാമിനേയും പ്രവാചകൻ മുഹമ്മദ് നബിയെയും അധിക്ഷേപിച്ച കുറ്റത്തിന് ബ്ലോഗർക്ക് വധശിക്ഷ വിധിച്ചു. ടെഹ്‌റാൻ ക്രിമിനൽ കോടതിയാണ് സൊഹേലി അറബി എന്ന ഇറാനിയൻ ബ്ലോഗറെ വധശിക്ഷക്ക് വിധിച്ചത്. വിവിധ പേരുകളിലായി എട്ട് ഫേസ്ബുക്ക് പേജുകളാണ് സൊഹേലിക്ക് ഉണ്ടായിരുന്നത്. ഇതിൽ ചില പേജുകളിലൂടെയാണ് പ്രവാചകനെ അധിക്ഷേപിച്ച് പോസ്റ്റുകളിട്ടത്. ഇസ്ലാമിക് പീനൽ കോഡിലെ 262-ാം വകുപ്പ് പ്രകാരമാണ് വധശിക്ഷ വിധിച്ചത്.

2013 നവംബറിലാണ് സൊഹേലിയെയും ഭാര്യയേയും ഇറാനിയൻ റെവലൂഷനറി ഗാർഡ്‌സ് അറസ്റ്റ് ചെയ്തത്. എന്നാൽ അൽപ സമയത്തെ ചോദ്യം ചെയ്യലിന് ശേഷം സൊഹേലിന്റെ ഭാര്യയെ പോലീസ് വിട്ടയക്കുകയായിരുന്നു. തുടർന്ന് മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ സൊഹേൽ കുറ്റം ഏറ്റ് പറയുകയായിരുന്നു.

താൻ മാനസികമായി പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്ന സമയത്താണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും അതിൽ പശ്ചാത്തപിക്കുന്നതായും സൊഹേൽ വ്യക്തമാക്കിയിരുന്നു. പക്ഷേ സൊഹേലിന്റെ വാദം കേൾക്കാൻ കോടതി തയ്യാറായില്ല. മറ്റൊരു കേസിലും ടെഹ്‌റാൻ റെവലൂഷണറി കോടതി സൊഹേലിന് മൂന്ന് വർഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. 20 വരെയാണ് ഇയാൾക്ക് അപ്പീൽ നൽകാനുള്ള സമയം.