കിം ജോങ് ഉന്‍ മരിച്ചെന്ന് വീണ്ടും അഭ്യൂഹം; സഹോദരി ഭരണച്ചുമതലയിലേക്കെന്ന് റിപ്പോര്‍ട്ട്

ഉത്തര കൊറിയന് ഭരണാധികാരി കിം ജോങ് ഉന് മരിച്ചെന്ന് വീണ്ടും അഭ്യൂഹം
 | 
കിം ജോങ് ഉന്‍ മരിച്ചെന്ന് വീണ്ടും അഭ്യൂഹം; സഹോദരി ഭരണച്ചുമതലയിലേക്കെന്ന് റിപ്പോര്‍ട്ട്

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരിച്ചെന്ന് വീണ്ടും അഭ്യൂഹം. കിം കോമയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പിന്നാലെയാണ് മരിച്ചുവെന്ന് അഭ്യൂഹങ്ങളും എത്തിയത്. കിമ്മിന്റെ സഹോദരി കിം യോ-ജുങ് ഭരണ ചുമതല ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് കിം ദേ ജുങ്ങിന്റെ മുന്‍ അനുചരനായ ചാങ് സോങ്-മിന്‍ എന്നയാളാണ് നേരത്തേ കിം കോമയിലാണെന്ന് പറഞ്ഞത്.

കിം കോമയിലാണെന്നും എന്നാല്‍ മരിച്ചിട്ടില്ലെന്നുമാണ് ചാങ് പറഞ്ഞത്. എന്നാല്‍ കിം മരിച്ചിട്ടുണ്ടാകുമെന്ന് ഒരു വിദഗ്ദ്ധന്‍ പറഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. റോയ് കോളി എന്ന ജേര്‍ണലിസ്റ്റാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന വിദഗ്ദ്ധന്‍. കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് രാജ്യം വ്യക്തത നല്‍കാത്തത് ഭരണതലത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുന്നതിന്റെ സൂചനയാണെന്നാണ് റോയ് പറയുന്നത്.

ജനങ്ങളിലേക്കെത്തുന്ന ശരിയായതും തെറ്റായതുമായ വിവരങ്ങള്‍ എന്തോ പ്രധാന സംഭവങ്ങള്‍ നടക്കാനിരിക്കുന്നതിന്റെ തെളിവാണ്. കിമ്മിനെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ഒരു കാലത്തും ഉത്തര കൊറിയ ജനങ്ങളെ അറിയിച്ചിട്ടില്ല. കിമ്മിന്റെ പിതാവ് കിം ജോങ് ഇല്‍ മരിച്ച വിവരം മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തു വിട്ടതെന്നും റോയ് പറയുന്നു.

അടുത്തിടെ കിം മരിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കിം ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോ ഉത്തര കൊറിയ പുറത്തു വിട്ടിരുന്നു. ദേശീയ ദിനത്തില്‍ കിം പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് കിം മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്.