സുവിശേഷകന്‍ രവി സഖറിയാസ് ലൈംഗിക പീഡനം നടത്തിയെന്ന് കണ്ടെത്തല്‍; ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍

ലോക പ്രശസ്ത സുവിശേഷകന് രവി സഖറിയാസ് നിരവധി യുവതികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്.
 | 
സുവിശേഷകന്‍ രവി സഖറിയാസ് ലൈംഗിക പീഡനം നടത്തിയെന്ന് കണ്ടെത്തല്‍; ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍

ലോക പ്രശസ്ത സുവിശേഷകന്‍ രവി സഖറിയാസ് നിരവധി യുവതികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍. രവി സഖറിയാസ് സ്ഥാപിച്ച രവി സഖറിയാസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് നിയോഗിച്ച അന്വേഷണ സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ അന്തരിച്ച സുവിശേഷകനെതിരെ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ സഭ തീരുമാനിച്ചത്.

മസാജ് ചെയ്യുന്ന സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചോളം യുവതികള്‍ രവി സഖറിയാസ് തങ്ങളെ മോശമായി സ്പര്‍ശിച്ചെന്ന് വെളിപ്പെടുത്തിയപ്പോള്‍ ഒരു യുവതി തന്നെ സുവിശേഷകന്‍ ബലാല്‍സംഗം ചെയ്തുവെന്നും പറഞ്ഞു. സുവിശേഷകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ 200ലേറെ യുവതികളുടെ ചിത്രങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

നിരവധി യുവതികളുമായി രവി സഖറിയാസ് ഇമെയില്‍, എസ്എംഎസ് ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തി. 2017ല്‍ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ രവി സഖറിയാസ് അവയെല്ലാം നിഷേധിച്ചിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സുവിശേഷകന്റെ പേരിലുള്ള സഭ പശ്ചാത്താപ പ്രസ്താവന പുറത്തിറക്കി. ആരോപണം ഉയര്‍ത്തിയവര്‍ക്കെതിരെ നേരത്തേ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിക്കുന്നതായും അവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതായും രവി സഖറിയാസിന്റെ മകള്‍ സാറാ ഡേവിസ് നേതൃത്വം നല്‍കുന്ന സഭ അറിയിച്ചു.

മലയാളി കുടുംബ പശ്ചാത്തലമുള്ള രവി സഖറിയാസ് ചെന്നൈയിലാണ് ജനിച്ചത്. പിന്നീട് അമേരിക്കയില്‍ വളര്‍ന്ന അദ്ദേഹം 1984ലാണ് സ്വന്തമായി ക്രിസ്തീയ സഭ സ്ഥാപിച്ചത്. നട്ടെല്ലിലെ ക്യാന്‍സര്‍ മൂലം കഴിഞ്ഞ മെയ് മാസത്തില്‍ 74-ാം വയസില്‍ മരിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് ഉള്‍പ്പെടെയുള്ളവര്‍ രവി സഖറിയാസിന്റെ അനുസ്മരണത്തില്‍ സംസാരിച്ചിരുന്നു.