സ്‌കോട്‌ലൻഡ് യാർഡിന്റെ മുൻ ആസ്ഥാനമന്ദിരം സ്വന്തമാക്കാൻ യൂസഫലി

സ്കോട്ലൻഡ് യാർഡിന്റെ മുൻ ആസ്ഥാനമന്ദിരം വാങ്ങാൻ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി രംഗത്ത്.
 | 
സ്‌കോട്‌ലൻഡ് യാർഡിന്റെ മുൻ ആസ്ഥാനമന്ദിരം സ്വന്തമാക്കാൻ യൂസഫലി

 

ലണ്ടൻ: സ്‌കോട്‌ലൻഡ് യാർഡിന്റെ മുൻ ആസ്ഥാനമന്ദിരം വാങ്ങാൻ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി രംഗത്ത്. ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന്റെ ഗ്രേറ്റ് സ്‌കോട്‌ലൻഡ് യാർഡ് എന്ന പഴയ മന്ദിരത്തിനായി നൂറ് മില്യൺ പൗണ്ട് (910 കോടി രൂപ) ആണ് ലുലു ഗ്രൂപ്പ് എം.ഡി. വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ദി സൺഡേ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ബ്രിട്ടനിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 10% ഓഹരികൾ യൂസഫലി വാങ്ങിയിരുന്നു.

എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പുരാതനകെട്ടിടം 235 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഗാലിയാർഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം ഇപ്പോൾ. 125 വർഷത്തേക്കാണ് കമ്പനി കെട്ടിടം പാട്ടത്തിനെടുത്തിരിക്കുന്നത്. ഗാലിയാർഡ് ഗ്രൂപ്പുമായി യൂസഫലിയുടെ ലുലു ഗ്രൂപ്പ് തുകയടച്ച് കരാറുറപ്പിക്കുമെന്നാണ് സൂചന. ഈ ഇടപാട് പരാജയപ്പെട്ടാൽ കമ്പനി ലേലം നടത്തുമെന്നും അറിയുന്നു.

ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് സേന രൂപീകരിച്ച 1829 മുതൽ 1890 വരെയായിരുന്നു ഗ്രേറ്റ് സ്‌കോട്ട്‌ലൻഡ് യാർഡ് ആസ്ഥാനമന്ദിരമായത്. പിന്നീട് മധ്യലണ്ടനിലേക്കു മാറ്റിയ പോലീസ് ആസ്ഥാനം ന്യൂ സ്‌കോട്‌ലൻഡ് യാർഡ് എന്നാണറിയപ്പെടുന്നത്.

ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈ കെട്ടിടം സൈനിക റിക്രൂട്ട്‌മെന്റ് ഓഫീസായി പ്രവർത്തിച്ചിരുന്നു.