ക്യാപ്പിറ്റോള്‍ കലാപത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് മലയാളി! അക്രമത്തിനല്ല, മാന്യമായ സമരത്തിനാണ് പോയതെന്ന് പ്രതികരണം

ക്യാപ്പിറ്റോള് കലാപത്തില് പ്രത്യക്ഷപ്പെട്ട ഇന്ത്യന് പതാക ഉയര്ത്തിയത് മലയാളി.
 | 
ക്യാപ്പിറ്റോള്‍ കലാപത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് മലയാളി! അക്രമത്തിനല്ല, മാന്യമായ സമരത്തിനാണ് പോയതെന്ന് പ്രതികരണം

വാഷിംഗ്ടണ്‍: ക്യാപ്പിറ്റോള്‍ കലാപത്തില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് മലയാളി. എറണാകുളം, വൈറ്റില, ചമ്പക്കര സ്വദേശി വിന്‍സന്റ് പാലത്തിങ്കല്‍ ആണ് ഇന്ത്യന്‍ പതാകയുമായി ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ആക്രമണത്തിനല്ല, മാന്യമായ സമരത്തിനാണ് താന്‍ പോയതെന്ന് വിന്‍സന്റ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സമരത്തില്‍ പത്തുലക്ഷത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് വിന്‍സന്റ് വ്യക്തമാക്കിയത്.

വംശീയവാദികളാണ് പ്രതിഷേധത്തില്‍ അണിനിരന്നിരിക്കുന്നതെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതിനായാണ് താന്‍ ഇന്ത്യന്‍ പതാകയുമായി പോയത്. സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം പതാകയുമായി എത്താറുണ്ട്. പ്രശ്‌നമുണ്ടാക്കിയത് ഡെമോക്രാറ്റുകളിലെ തീവ്ര ഇടതുപക്ഷമായ ആന്റിഫയിലെ അംഗങ്ങളാണെന്നും പത്തോ പതിനഞ്ചോ പേര്‍ മാത്രമാണ് മതിലില്‍ സാഹസികമായി പിടിച്ചു കയറി അക്രമം നടത്തിയതെന്നു വിന്‍സന്റ് പറഞ്ഞു.

മിലിട്ടറിയില്‍ പരിശീലനം ലഭിച്ചവരെപ്പോലെയായിരുന്നു അവര്‍. അവര്‍ വാതില്‍ തുറന്നതോടെ അമ്പതോളം പേര്‍ അകത്തു കയറി. താന്‍ കലഹത്തിനും പ്രക്ഷോഭത്തിനും പോകുന്നയാളല്ലെന്നും മാന്യമായിട്ട് ജീവിക്കുന്നയാളാണെന്നും വിന്‍സന്റ് പറഞ്ഞു. ആക്രമണം ഉണ്ടായതോടെ ഞങ്ങളുടെ കേസിന്റെ വാലിഡിറ്റി നഷ്ടപ്പെട്ടു. അക്രമങ്ങള്‍ തങ്ങള്‍ അംഗീകരിക്കില്ലെന്നും വിന്‍സന്റ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയ്ക്ക് വന്‍ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇന്നലെ ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയത്. ജനാധിപത്യത്തിന് നേര്‍ക്കുണ്ടായ അതിക്രമമെന്ന് ലോകനേതാക്കള്‍ ഒട്ടാകെ അപലപിച്ച സംഭവത്തിനിടെ ഇന്ത്യന്‍ പതാകയുമായി ഒരാള്‍ നടന്നു പോകുന്ന വീഡിയോ വലിയ വിവാദമായിരുന്നു. ബിജെപി നേതാവ് വരുണ്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.