തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ല; മേയറെ നാട്ടുകാര്‍ പിക്ക് അപ് വാനിന് പിന്നില്‍ കെട്ടി വലിച്ചു; വീഡിയോ

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിന് മേയറെ പിക്ക് അപ് വാനിന് പിന്നില് കെട്ടിവലിച്ച് നാട്ടുകാര്
 | 
തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ല; മേയറെ നാട്ടുകാര്‍ പിക്ക് അപ് വാനിന് പിന്നില്‍ കെട്ടി വലിച്ചു; വീഡിയോ

മെക്‌സിക്കോ സിറ്റി: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിന് മേയറെ പിക്ക് അപ് വാനിന് പിന്നില്‍ കെട്ടിവലിച്ച് നാട്ടുകാര്‍. മെക്‌സിക്കോയിലാണ് സംഭവമുണ്ടായത്. സതേണ്‍ മെക്‌സിക്കോയിലെ ചിയാപസ് സ്റ്റേറ്റിലെ ഒരു ഗ്രാമത്തില്‍ മേയറായ ഹോര്‍ഹേ ലൂയിസ് എസ്‌കാന്‍ഡന്‍ ഹെര്‍ണാന്‍ഡസിന് നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഗുരുതരമായി പരിക്കേറ്റു. പോലീസ് ഇടപെട്ടാണ് ഹോര്‍ഹേയെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോഡ് നന്നാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാത്തതിലായിരുന്നു ജനങ്ങള്‍ ഈ വിധം പ്രതിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താല്‍ ഇത് രണ്ടാം തവണയാണ് കര്‍ഷകരായ പ്രദേശവാസികള്‍ മേയറെ ആക്രമിച്ചത്. കുറ്റകൃത്യങ്ങളുമായി സഹകരിക്കാത്തതിന്റെ പേരില്‍ മേയര്‍മാരെ മെക്‌സിക്കോയില്‍ മയക്കുമരുന്ന് ഗ്യാംഗുകള്‍ ആക്രമിക്കുന്നത് പതിവാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ലെന്ന പേരില്‍ നാട്ടുകാര്‍ ആക്രമണം അഴിച്ചുവിടുന്നത് ആദ്യത്തെ സംഭവമാണെന്ന് മെക്‌സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയറെ കെട്ടി വലിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. മേയറുടെ ഓഫീസിന് പുറത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. ജനക്കൂട്ടം മേയറെ പിടിച്ചു വലിച്ച് പുറത്തെത്തിക്കുന്നതും കെട്ടിവലിച്ച് കൊണ്ടുപാകുന്നതും കാണാം. രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പോലീസുകാര്‍ക്കും അക്രമികള്‍ക്കും പരിക്കേറ്റു. നാല് മാസങ്ങള്‍ക്ക് മുമ്പ് മേയറുടെ ഓഫീസിലെത്തിയ ജനക്കൂട്ടം അദ്ദേഹത്തെ കാണാതിരുന്നതിനെത്തുടര്‍ന്ന് ഓഫീസ് അടിച്ചു തകര്‍ത്തിരുന്നു. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.