ചാന്ദ്ര ദൗത്യങ്ങളില്‍ വിജയിച്ചവ 60 ശതമാനം മാത്രം; നാസ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ

ലോകരാജ്യങ്ങള് നടത്തിയിട്ടുള്ള ചാന്ദ്ര പര്യവേഷണ ദൗത്യങ്ങളുടെ വിജയ ശതമാനം 60 ശതമാനം മാത്രം.
 | 
ചാന്ദ്ര ദൗത്യങ്ങളില്‍ വിജയിച്ചവ 60 ശതമാനം മാത്രം; നാസ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങള്‍ നടത്തിയിട്ടുള്ള ചാന്ദ്ര പര്യവേഷണ ദൗത്യങ്ങളുടെ വിജയ ശതമാനം 60 ശതമാനം മാത്രം. അമേരിക്കന്‍ ബഹാരാകാശ ഏജന്‍സി നാസയുടെ ‘മൂണ്‍ ഫാക്ട് ഷീറ്റ്’ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 40 ശതമാനം ദൗത്യങ്ങളും പരാജയമാകുകയായിരുന്നു. കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ നാസ 109 ദൗത്യങ്ങള്‍ ചന്ദ്രനെ ലക്ഷ്യമാക്കി അയച്ചു. മനുഷ്യനെ എത്തിച്ചതുള്‍പ്പെടെയുള്ള ദൗത്യങ്ങളാണ് ഇവ. എന്നാല്‍ ഇവയില്‍ 61 എണ്ണം മാത്രമാണ് വിജയിച്ചത്. 48 എണ്ണം പരാജയമായിരുന്നു.

ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ചന്ദ്രനില്‍ ഇറങ്ങാന്‍ 2.1 കിലോമീറ്റര്‍ ശേഷിക്കേ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ദൗത്യത്തിന്റെ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. അടുത്ത ഒരു വര്‍ഷം ഇത് പ്രവര്‍ത്തിക്കും. ഇന്ത്യയുടെ ഒന്നാം ചാന്ദ്രദൗത്യം വിജയകരമായിരുന്നു. രണ്ടാം ദൗത്യത്തിലെ ലാന്‍ഡറുമായുള്ള ബന്ധമാണ് ഇല്ലാതായിരിക്കുന്നത്. എന്നാല്‍ ഇതുമായുള്ള ബന്ധം നഷ്ടപ്പെടാലും 5 ശതമാനം നഷ്ടം മാത്രമായിരിക്കും ദൗത്യത്തിനുണ്ടാകുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

1958 മുതല്‍ 2019 വരെയുള്ള കാലയളവില്‍ അമേരിക്ക, യുഎസ്എസ്ആര്‍ (ഇപ്പോള്‍ റഷ്യ), യൂറോപ്യന്‍ യൂണിയന്‍, ചൈന, ജപ്പാന്‍ ഇസ്രായേല്‍ തുടങ്ങിയവരാണ് ചന്ദ്രനിലേക്ക് ദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ രണ്ടാം ദൗത്യത്തിന് മുമ്പായി ഇസ്രായേലിന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ലോകത്ത് ആദ്യമായി ചാന്ദ്ര ദൗത്യം വിജയിപ്പിച്ചത് സോവിയറ്റ് യൂണിയനാണ്. 1959 ജനുവരിയില്‍ ലൂണ 1 ആണ് ചന്ദ്രന്റെ സമീപം എത്തിയത്. ആറ് പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു ഈ വിജയം.

1958നും 59നുമിടയില്‍ അമേരിക്കയും റഷ്യയും ചന്ദ്രനിലേക്ക് 14 ദൗത്യങ്ങള്‍ അയച്ചു. 1966ല്‍ ലൂണ 9 ആണ് ആദ്യമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. 1958 മുതല്‍ 1979 വരെയുള്ള കാലയളവില്‍ 90 ദൗത്യങ്ങളാണ് അമേരിക്കയും റഷ്യയും നടത്തിയത്. പിന്നീട് 1980 മുതല്‍ 89 വരെയുള്ള കാലയളവില്‍ ഒരു ചാന്ദ്രദൗത്യം പോലും ഉണ്ടായിട്ടില്ല. പിന്നീട് 1990ല്‍ ജപ്പാന്‍ രംഗത്തെത്തി. ഇതിന് ശേഷം 19 ദൗത്യങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ട്. ഇന്ത്യ രണ്ട് ദൗത്യങ്ങളാണ് അയച്ചത്.