Monday , 23 July 2018
News Updates

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തൊട്ടിലൊരുങ്ങുന്നു! ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി! ഒരു പ്രസവം അത്ര വലിയ സംഭവമാണോ എന്ന് അതിശയിക്കുന്നുണ്ടെങ്കില്‍ ഇതു കൂടി കേട്ടോളൂ. ആധുനിക ലോകചരിത്രത്തില്‍ പ്രധാനമന്ത്രി പദവിയിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെ വനിതയാണ് ഇവര്‍. ന്യൂസിലന്‍ഡില്‍ 1856നു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന അപൂര്‍വതയും ഇവര്‍ക്ക് സ്വന്തമാണ്.

വ്യാഴാഴ്ച രാവിലെ ഓക്ക്‌ലാന്‍ഡിലെ ആശുപത്രിയില്‍ വെച്ചാണ് ജസിന്ത കുഞ്ഞിന് ജന്മം നല്‍കിയത്. ഇതോടെ ഒന്നര മാസത്തെ മെറ്റേണിറ്റി ലീവില്‍ പ്രവേശിച്ച ഇവര്‍ താല്‍ക്കാലിക ചുമതലകള്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സിന് കൈമാറി. എങ്കിലും ക്യാബിനറ്റ് പേപ്പറുകള്‍ താന്‍ പരിശോധിക്കുമെന്ന് ഇവര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് ജസിന്ത പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ജനുവരിയില്‍ താന്‍ ഒരു അമ്മയാകാന്‍ പോകുന്നുവെന്ന കാര്യം ഇവര്‍ അറിയിച്ചു. ക്ലാര്‍ക്ക് ഗേയ്‌ഫോര്‍ഡ് ആണ് 37കാരിയായ ജസിന്തയുടെ പങ്കാളി. ജസിന്തയെ അഭിനന്ദിച്ച് ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ എന്നിവര്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി സ്ഥാനത്തിരിക്കെ അമ്മയാകുന്ന ആദ്യ വനിതയെന്ന ബഹുമതി പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയ്ക്കാണ്. 1990ല്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ഭൂട്ടോ മകള്‍ക്ക് ജന്മം നല്‍കിയത്.

DONT MISS