പുതിയ റിയാലിറ്റി ഷോ; ലൈവിൽ മനുഷ്യനെ അനാക്കോണ്ട വിഴുങ്ങുന്നു

അനാക്കോണ്ടയ്ക്ക് ഭക്ഷണമാകാൻ ജീവനോടെ നിന്ന് കൊടുക്കുന്ന മനുഷ്യൻ. ഈ വാർത്ത ആദ്യം കേട്ടപ്പോൾ പലർക്കും വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഒരു ടിവി ഷോയ്ക്ക് വേണ്ടിയാണ് അമേരിക്കക്കാരനായ പോൾ റൊസോലി എന്ന വൈൽഡ് ലൈഫ് എക്സ്പർട്ട് സ്നേക്ക് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഭീമാകാരനായ ആ ജീവിയ്ക്ക് മുന്നിൽ നിന്ന് കൊടുക്കുന്നത്.
 | 
പുതിയ റിയാലിറ്റി ഷോ; ലൈവിൽ മനുഷ്യനെ അനാക്കോണ്ട വിഴുങ്ങുന്നു

 

ന്യൂയോർക്ക്: അനാക്കോണ്ടയ്ക്ക് ഭക്ഷണമാകാൻ ജീവനോടെ നിന്ന് കൊടുക്കുന്ന മനുഷ്യൻ. ഈ വാർത്ത ആദ്യം കേട്ടപ്പോൾ പലർക്കും വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഒരു ടിവി ഷോയ്ക്ക് വേണ്ടിയാണ് അമേരിക്കക്കാരനായ പോൾ റൊസോലി എന്ന വൈൽഡ് ലൈഫ് എക്‌സ്പർട്ട് സ്‌നേക്ക് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഭീമാകാരനായ ആ ജീവിയ്ക്ക് മുന്നിൽ നിന്ന് കൊടുക്കുന്നത്.

‘ഈറ്റൺ എലൈവ്’ എന്ന ഡിസ്‌കവറി ചാനൽ ഷോയ്ക്കുവേണ്ടിയാണ് സാഹസങ്ങൾക്ക് പേരുകേട്ട പോൾ ഇതിന് മുതിർന്നത്. അമേരിക്കൻ സമയം ഇന്ന് രാത്രി 9 മണിയ്ക്കാണ് ഷോ സംപ്രേഷണം ചെയ്യുക. ഡിസ്‌കവറി അവരുടെ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോ കഴിഞ്ഞ മാസം പുറത്ത് വിട്ടിരുന്നു.

ഒരു മണിക്കൂറോളം താൻ അനാക്കോണ്ടയ്ക്കുള്ളിൽ ചിലവഴിച്ചതായി പോൾ വെളിപ്പെടുത്തി. ഇടുങ്ങിയ ഇടങ്ങൾ ഭയമുള്ള (claustrophobic) തനിക്ക് അത് പ്രയാസമായി തോന്നിയതായും പോൾ പറയുന്നു. എല്ലാവരും ഞായറാഴ്ച ഡിസ്‌കവറി ചാനലിൽ ആ സാഹസിക ദൃശ്യങ്ങൾ കാണണമെന്നാണ് പോളിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ ആമസോൺ കാടിനുള്ളിലെ തന്റെ അനുഭവങ്ങൾ അധികം വിശദീകരിക്കാൻ പോൾ തയ്യാറായില്ല.

പക്ഷേ ഇക്കാര്യം പുറത്തുവിട്ടപ്പോൾ തന്നെ ഇതിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിരുന്നു. ഈറ്റൺ എലൈവിന്റെ സംപ്രേഷണം നിർത്തിവയ്ക്കാനായി ഓൺലൈനിൽ പ്രതിഷേധ കൂട്ടായ്മയും ഇവർ സംഘടിപ്പിക്കുന്നുണ്ട്. ഷോയിലൂടെ അനാക്കോണ്ടയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പരിക്കോ സംഭവിക്കും എന്നുണ്ടായിരുന്നെങ്കിൽ താൻ ഈ സാഹസത്തിന് മുതിരില്ലായിരുന്നെന്നും പോൾ തുറന്ന് സമ്മതിക്കുന്നു.

ഒട്ടേറെ ശാസ്ത്രീയ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് തങ്ങളിതിന് തയ്യാറായത്. തന്റെ സുരക്ഷയേക്കാൾ അനാക്കോണ്ടയുടെ സുരക്ഷയ്ക്കാണ് മുൻതൂക്കം നൽകിയതെന്നും അദ്ദേഹം പറയുന്നു. അനാക്കോണ്ടകളുടെ ആവാസ വ്യവസ്ഥ തകർത്താണ് പല സ്വർണ ഖനനങ്ങളും നടക്കുന്നത്. ഈ പരീക്ഷണം അവയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള പണം കണ്ടെത്താനാണെന്നുമാണ് പോൾ പ്രതികരിച്ചത്.

പെറുവിലെ ആമസോൺ കാട്ടിൽ 12 പേരടങ്ങുന്ന സംഘത്തോടൊപ്പം രണ്ടു മാസമാണ് പോൾ ഈ ഷോയ്ക്കു വേണ്ടി തന്നെ വിഴുങ്ങാൻ യോഗ്യനായ അനക്കോണ്ടയെ തേടി അലഞ്ഞത്. അവിടെ കണ്ടെത്തിയ ഭീമൻ അനാക്കോണ്ടയ്ക്കായുള്ള തെരച്ചിലിലാണ് പോൾ. ഇതിന് 26 അടി നീളവും നൂറുകണക്കിന് കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു. പോളിനെ അകത്താക്കിയ അനാക്കോണ്ടയ്ക്ക് 18 അടിയായിരുന്നു നീളം. പച്ച അനാക്കോണ്ടയുടെ വർഗ്ഗത്തിൽ ഇതിലും വലിപ്പമുള്ളവയുണ്ടാകുമെന്നാണ് പോൾ പറയുന്നത്.