”ഇതാണ് ശരിയായ പുണ്യജലം”; സ്‌കോച്ച് വിസ്‌കിയെക്കുറിച്ച് മാര്‍പാപ്പ പറഞ്ഞത്!

സ്കോച്ച് വിസ്കി സ്വര്ഗ്ഗീയ പാനീയമാണെന്ന് പലരും പറയാറുണ്ട്. സാക്ഷാല് മാര്പാപ്പ പോലും അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് ഫോര്ബ്സ് മാസിക പറയുന്നത്.
 | 
”ഇതാണ് ശരിയായ പുണ്യജലം”; സ്‌കോച്ച് വിസ്‌കിയെക്കുറിച്ച് മാര്‍പാപ്പ പറഞ്ഞത്!

സ്‌കോച്ച് വിസ്‌കി സ്വര്‍ഗ്ഗീയ പാനീയമാണെന്ന് പലരും പറയാറുണ്ട്. സാക്ഷാല്‍ മാര്‍പാപ്പ പോലും അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് ഫോര്‍ബ്‌സ് മാസിക പറയുന്നത്. സ്‌കോട്ടിഷ് വൈദിക വിദ്യാര്‍ത്ഥികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒരു സ്‌കോച്ച് വിസ്‌കി സമ്മാനമായി നല്‍കിയപ്പോഴായിരുന്നേ്രത മാര്‍പാപ്പയുടെ കമന്റ്. ഇതാണ് യഥാര്‍ത്ഥ പുണ്യജലം എന്ന് അദ്ദേഹം തമാശയായി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷമാണ് സംഭവമുണ്ടായത്. റോമിലെ പൊന്തിഫിക്കല്‍ സ്‌കോട്ട്‌സ് കോളേജ് സെമിനാരി വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെയാണ് പോപ്പ് ഈ പരാമര്‍ശം നടത്തിയത്. ഉടന്‍ തന്നെ റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയില്‍ നിന്ന് ഈ ഭാഗം വത്തിക്കാന്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഡോക്യുമെന്ററിയുടെ സംവിധായകന്‍ ടോണി കിയേര്‍ണിയാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്.

വൈദിക വിദ്യാര്‍ത്ഥികളുമായി പോപ്പ് വളരെ ഭവ്യതയോടെയാണ് പെരുമാറിയത്. വിദ്യാര്‍ത്ഥികള്‍ ഒരു സ്‌കോച്ച് വിസ്‌കി ബോട്ടില്‍ നല്‍കിയപ്പോള്‍ അത് സഹായിക്ക് കൈമാറാതെ ഈ കമന്റ് പറയുകയായിരുന്നു. പടിഞ്ഞാറന്‍ സ്‌കോട്ട്‌ലന്‍ഡില്‍ ഉദ്പാദിപ്പിക്കുന്ന ഒബാന്‍ എന്ന വിസ്‌കിയായിരുന്നേ്രത ഇത്. 14 വര്‍ഷവും 21 വര്‍ഷവും സൂക്ഷിക്കുന്ന ഈ വിസ്‌കികള്‍ വളരെ വിശിഷ്ടമാണ്.

പോപ്പിന് ഇതിന് മുന്‍പും വിസ്‌കി സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഹോളി വാട്ടര്‍ പരാമര്‍ശം അദ്ദേഹം ആദ്യമായല്ല നടത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വത്തിക്കാനിലെ പുരോഹിതര്‍ക്കും മാര്‍പാപ്പയ്ക്കും മദ്യം കഴിക്കാന്‍ അനുവാദമുണ്ട്.