അഭയാര്‍ത്ഥി പ്രവാഹം: അതിര്‍ത്തിയില്‍ ഹംഗറി സൈനികരെ വിന്യസിച്ചു

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില് നിന്നും ഇറാഖില് നിന്നും അഫ്ഗാനിസ്ഥാനില് നിന്നുമുള്ള അഭയാര്ത്ഥി പ്രവാഹം തുടരുന്നതിനിടെ ഹംഗറി തങ്ങളുടെ അതിര്ത്തി അടച്ചു. 1989ല് കിഴക്കന് ജര്മന് പൗരന്മാര്ക്കായി തുറന്നിട്ട അതിര്ത്തിയാണ് ഇപ്പോള് അടച്ചത്.
 | 
അഭയാര്‍ത്ഥി പ്രവാഹം: അതിര്‍ത്തിയില്‍ ഹംഗറി സൈനികരെ വിന്യസിച്ചു

 


ബുഡാപെസ്റ്റ്:
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുന്നതിനിടെ ഹംഗറി തങ്ങളുടെ അതിര്‍ത്തി അടച്ചു. 1989ല്‍ കിഴക്കന്‍ ജര്‍മന്‍ പൗരന്മാര്‍ക്കായി തുറന്നിട്ട അതിര്‍ത്തിയാണ് ഇപ്പോള്‍ അടച്ചത്. സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അത്യാധുനിക ആയുധങ്ങളും മറ്റും നല്‍കി സൈന്യത്തെയും പൊലീസിനെയും ഹംഗറി വിന്യസിച്ചു. 110 മൈല്‍ നീളമുളള മുളള് വേലിയും അതിര്‍ത്തിയില്‍ ഹംഗറി സ്ഥാപിച്ചതായാണ് വിവരം.

ഇന്ന് മുതല്‍ അനധികൃതമായി ഹംഗറിയില്‍ കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതിക്രമിച്ച് കടക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. സെര്‍ബിയന്‍ ഗ്രാമമായ ഹോര്‍ഗോസിനും റൊസ്‌കെയ്ക്കും ഇടയിലുളള റെയില്‍പ്പാത വഴിയുളള അനൗദ്യോഗിക മാര്‍ഗവും അധികൃതര്‍ ഉച്ചയോടെ അടച്ചേക്കും. അഭയാര്‍ത്ഥികളിലേറെയും ഇതുവഴിയായിരുന്നു രാജ്യത്തേക്ക് കടന്നിരുന്നത്. ഈ വാര്‍ത്ത പരന്നതോടെ എത്രയും വേഗം ഹംഗറിയില്‍ എത്താനുളള നീക്കമായിരുന്നു അഭയാര്‍ത്ഥികള്‍ നടത്തിയത്. സിറിയയില്‍ നിന്നുളളവരില്‍ പലരും തങ്ങളുടെ യാത്രയ്ക്ക് വേഗം കൂട്ടി. ഞായറാഴ്ച 6000 പേര്‍ കൂടി രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്നലെ പതിനൊന്ന് മണിയ്ക്ക് മുമ്പ് 5353 പേരും എത്തിയതായി പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മിക്കവരും ട്രെയിന്‍ മാര്‍ഗം തന്നെയാണ് എത്തിയിട്ടുളളത്. എത്തിയവര്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് യുഎന്‍ വ്യക്തമാക്കുന്നു.

തങ്ങള്‍ ഇനി എവിടെപ്പോകുമെന്നാണ് അഭയാര്‍ത്ഥികളുടെ ചോദ്യം. ക്രൊയേഷ്യയും സ്ലൊവേനിയയും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നുവെന്നറിഞ്ഞ് അങ്ങോട്ട് പോകാനും ചിലര്‍ ശ്രമിക്കുന്നു. തിരിച്ചു പോകാന്‍ കഴിയില്ല. പലരുടെയും വീടുകള്‍ ആക്രമണങ്ങളില്‍ ഇല്ലാതായി. ഒരു കഷണം ചോക്ലേറ്റിന് വേണ്ടി പോലും മനുഷ്യര്‍ പരസ്പരം കൊല്ലാന്‍ തയാറാകുകയാണെന്നും അഭയാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. സ്ഥിതി ഏറെ ഭയാനകമാണ്.
ഇതിനിടെ അഭയാര്‍ത്ഥികളും പൊലീസും തമ്മിലും ഏറ്റുമുട്ടുന്നുണ്ട്. ഇത്തരത്തില്‍ അഭയാര്‍ത്ഥികളെ തടയുന്നത് അവരുടെ ജീവന്‍ നഷ്ടപ്പെടാനേ ഇടയാക്കൂ എന്നാണ് യുഎന്‍ നിരീക്ഷിക്കുന്നത്. അഭയാര്‍ത്ഥികളായെത്തിയ പലരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒരുസുരക്ഷിത ഇടമാണ് തെരയുന്നത്. അത് കിട്ടിയാല്‍ തങ്ങള്‍ തിരിച്ച് പൊയ്‌ക്കൊളളാമെന്നും ഇവര്‍ പറയുന്നു.