ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്ന് ഒമ്പത് രാജ്യങ്ങള്‍; ലോകം നേരിടുന്നത് ചരിത്രത്തില്‍ ഉപമകളില്ലാത്ത അഭയാര്‍ത്ഥി പ്രവാഹം

കാലങ്ങളായി പാശ്ചാത്യലോകത്തെ സ്വര്ഗം തേടി ആയിരക്കണക്കിന് അഭയാര്ത്ഥികള് എത്തുന്നു. എന്നാല് ഇപ്പോള് കാര്യങ്ങള് മാറി മറിഞ്ഞിരിക്കുന്നു. ആയിരങ്ങള് എന്ന കണക്ക് ഇപ്പോള് ദശലക്ഷങ്ങളായി മാറി മറിഞ്ഞു. എന്താണ് ഈ അഭയാര്ത്ഥികളുടെ കുത്തൊഴുക്കിലേക്ക് നയിക്കുന്ന കാരണങ്ങള്?
 | 
ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്ന് ഒമ്പത് രാജ്യങ്ങള്‍; ലോകം നേരിടുന്നത് ചരിത്രത്തില്‍ ഉപമകളില്ലാത്ത അഭയാര്‍ത്ഥി പ്രവാഹം


ലണ്ടന്‍
: കാലങ്ങളായി പാശ്ചാത്യലോകത്തെ സ്വര്‍ഗം തേടി ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ എത്തുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. ആയിരങ്ങള്‍ എന്ന കണക്ക് ഇപ്പോള്‍ ദശലക്ഷങ്ങളായി മാറി മറിഞ്ഞു. എന്താണ് ഈ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിലേക്ക് നയിക്കുന്ന കാരണങ്ങള്‍?
മധ്യപൂര്‍വ്വദേശത്തും ആഫ്രിക്കയിലും ഇത് അസ്വസ്ഥതയുടെ കാലമാണ്. പാകിസ്ഥാനും നൈജീരിയയ്ക്കുമിടയിലുളള ഒന്‍പത് ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആഭ്യന്തര യുദ്ധത്തിലമര്‍ന്നിരിക്കുന്നു. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുളള നെട്ടോട്ടത്തിലാണ് ഇപ്പോള്‍. ഇതാണ് അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. സിറിയയിലെ 230 ലക്ഷം വരുന്ന ജനതയില്‍ പകുതിയും സ്വന്തം നാടു വീടും ഉപേക്ഷിച്ച് പലായനം ചെയ്ത് കഴിഞ്ഞു. ഇതില്‍ നാല്‍പ്പത് ലക്ഷം പേര്‍ അന്യരാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കുടിയേറി.

ഐസിസ് ക്രൂരതയുടെ മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ ഇറാഖില്‍ നിന്ന് കഴിഞ്ഞ കൊല്ലം മാത്രം 26 ലക്ഷം പേര്‍ സ്വന്തം രാജ്യം ഉപേക്ഷിച്ചു. ഇവരില്‍ പലരും കുടില്‍ കെട്ടിയും പണിതീരാത്ത കെട്ടിടങ്ങളിലുമായി ഒളിച്ച് താമസിക്കുന്നു. 2013 മുതല്‍ ദക്ഷിണ സുഡാനില്‍ നിന്ന് വലിയ തോതില്‍ ജനങ്ങള്‍ ഓടിപ്പോകുന്നുണ്ട്. എന്നാല്‍ ഇതിന് രാജ്യാന്തര സമൂഹത്തിന്റെ വലിയ ശ്രദ്ധ ലഭിച്ചിട്ടില്ല.

കഴിഞ്ഞ അമ്പത് വര്‍ഷമായി ദക്ഷിണ പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. എന്നാല്‍ ഹിന്ദുക്കുഷ് മലനിരകള്‍ക്കും സഹാറന്‍ മരുഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗത്തിനുമിടയില്‍ മതവും വംശവും വിഭാഗീയതയുമുയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. ഇവിടെയുളള രാജ്യങ്ങളില്‍ പലതും തകരുന്നു. മറ്റ് ചിലവ ദുര്‍ബലമാകുന്നു. ചിലതാകട്ടെ അക്രമഭീതിയില്‍ ദിനരാത്രങ്ങള്‍ കഴിച്ച് കൂട്ടുന്നു. ഇവിടെയുളള പല രാജ്യങ്ങളിലും സുന്നി നുഴഞ്ഞു കയറ്റക്കാര്‍ ഭീകരതയുടെ വിത്തുകള്‍ പാകിയിരിക്കുകയാണ്. ഇവിടെ ജനങ്ങളില്‍ ഇവര്‍ ഉണര്‍ത്തിയിട്ടുളള ആശങ്കകളാണ് ഇത്തരത്തില്‍ കൂട്ടപ്പലയാനത്തിലേക്ക് ജനതയെ നയിച്ചിരിക്കുന്നത്.

ഈ പ്രദേശത്ത് തുടരുന്ന യുദ്ധങ്ങളൊന്നും അവസാനിക്കുന്നതിന്റെ യാതൊരു സൂചനകളുമില്ല. അതു കൊണ്ട് തന്നെ ഇവിടെ നിന്ന് പോന്നവര്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ച് പോകാനും കഴിയുന്നില്ല. 2011ലും 12ലും സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്കും ലെബനനിലേക്കും ജോര്‍ദ്ദാനിലേക്കും മറ്റും പോയവര്‍ യുദ്ധം അവസാനിച്ച ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാമെന്ന് കരുതിയതാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് ഇത് ഒരിക്കലും നടക്കാത്ത സ്വപ്‌നമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ സ്ഥിരമായി താമസിക്കാനൊരിടം തിരയുകയാണിവരിപ്പോള്‍. ഈ ദീര്‍ഘകാല യുദ്ധം ഇവിടെ ജീവിക്കാനുളള യാതൊരു സാധ്യതകളും അവശേഷിപ്പിച്ചിട്ടുമില്ല. അത് കൊണ്ട് തന്നെ ആദ്യം ജീവന്‍ രക്ഷിക്കാനായി പോന്നവര്‍ ഇപ്പോള്‍ ജീവിതം കരുപ്പിടിപ്പിക്കാനുളള ശ്രമം കൂടി നടത്തുന്നു.

സിറിയയില്‍ തുടരുന്ന യുദ്ധത്തിന് സമാനമായവ അഫ്ഗാനിലും ഇറാഖിലും ദക്ഷിണപൂര്‍വ്വ തുര്‍ക്കിയിലും യെമനിലും ലിബിയയിലും സോമലിയയിലും സുഡാനിലും നൈജീരിയിലും ഉടലെടുത്തിരിക്കുന്നു. ഇവയില്‍ പലതിന്റെയും നാശം വളരെ മുമ്പ് തന്നേ ആരംഭിച്ചിരുന്നു. സുഡാന്‍ 1991ല്‍ തകര്‍ന്നതാണ്. പിന്നീട് ഇന്നുവരെ ഇത് പുനര്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ മതമൗലിക വാദികളും എതിര്‍ പാര്‍ട്ടികളും വിദേശ സൈനികരും മറ്റും മറ്റും കയ്യടക്കിയിരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ യുദ്ധങ്ങളില്‍ പലതും 2001ന് ശേഷം ആരംഭിച്ചതാണ്. ഇതില്‍ പലതും തന്നെ 2011ന് ശേഷം ഉണ്ടായവ ആണ്. യെമനിലെ ആഭ്യന്തരയുദ്ധമാകട്ടെ കഴിഞ്ഞ കൊല്ലം ഉടലെടുത്തതും. എന്നാല്‍ 1984 മുതല്‍ തുടരുന്ന തുര്‍ക്കിയിലെ ആഭ്യന്തര യുദ്ധം ഇതുവരെ 40000 ജീവനെടുത്തു. ഇക്കഴിഞ്ഞ ജൂലൈയോടെ ഇത് കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുന്നു. വ്യോമാക്രമണങ്ങളും ഒളിപ്പോരും ആരംഭിച്ചിട്ടുണ്ട്. ഇത് നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചും വരുന്നു. കുര്‍ദിഷ് പികെകെ ഗറില്ലാ ആക്രമണത്തില്‍ ഒരു ട്രക്കിലുണ്ടായിരുന്ന തുര്‍ക്കി സൈനികര്‍ കൂട്ടത്തോടെ അഗ്‌നിക്കിരയായി.

സൊമാലിയയിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. അമേരിക്കന്‍ സൈനിക നടപടികള്‍ക്കും കാര്യങ്ങള്‍ നേരെയാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മറ്റ് ലോകരാജ്യങ്ങള്‍ ഇവിടുത്തെ പ്രശ്‌നങ്ങളെ അത്ര ഗൗരവത്തോടെ സമീപിക്കുന്നുമില്ല. സൊമാലിയ തികച്ചും ഒരു പരാജയ രാഷ്ട്രമായി മാറിയിരിക്കുന്നു. കടല്‍ക്കൈാളളക്കാരുടെയും തട്ടിക്കൊണ്ട് പോകല്‍കാരുടെയും അല്‍ഖ്വയ്ദ ബോംബറുകളുടെയും പറുദീസയായി ഇവിടെ മാറിയിരിക്കുന്നു. ലോകത്തിന് ഇവരോട് ഭയവും അതേസമയം പുച്ഛവും ആണ്.

തൊണ്ണൂറുകളില്‍ അഫ്ഗാനിസ്ഥാനും 2003മുതല്‍ ഇറാഖും താലിബാന്റെയും അല്‍ഖ്വയ്ദയുടെയും ഐസിസിന്റെയും പിടിയിലമര്‍ന്നിരിക്കുന്നു. സൊമാലിയ വത്ക്കരണം ലിബിയ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പടരുന്നു. ഇവിടെയും ജനങ്ങള്‍ ആവശ്യത്തിന് ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ലഭിക്കാതെ നരക ജീവിതം നയിക്കുന്നു.
എല്ലാ യുദ്ധങ്ങളും വിപത്താണ്. ആഭ്യന്തരം യുദ്ധങ്ങള്‍ തികച്ചും ദയാശൂന്യവും. ഇവയേക്കാള്‍ എല്ലാം ദുരന്തമാണ് മതയുദ്ധങ്ങള്‍.

ഇതാണ് ഇപ്പോള്‍ മധ്യപൂര്‍വ്വദേശത്തും ഉത്തരാഫ്രിക്കയിലും ലോകം കണ്ടു കൊണ്ടിരിക്കുന്നത്. ഐസിസും അല്‍ഖ്വയ്ദയും തങ്ങളുടെ എതിരാളികളെ നേരിടാന്‍ ജഭാത് അല്‍നുസ്‌റയെന്നും അഹ് രര്‍ അല്‍ ഷാമെന്നും പേരിട്ട് വിശുദ്ധ കൊലകള്‍ നടത്തുന്നു. സിറിയയിലെ അസദ് സര്‍ക്കാരിനെതിരെ ഇവര്‍ നടത്തുന്ന ബോംബിംഗില്‍ നിരപരാധികളും മരിച്ച് വീഴുന്നു.
തങ്ങളുടെ എതിരാളികളെ പ്രഖ്യാപിച്ച് കൊണ്ടാണ് ഐസിസ് പോരാട്ടം നടത്തുന്നത്. ഷിയ, യെസീദികള്‍ തുടങ്ങിയവരാണ് ഇവരുടെ പ്രഖ്യാപിത ശത്രുക്കള്‍. അതുകൊണ്ട് തന്നെ ഈ വിഭാഗത്തില്‍ പെട്ടവര്‍ പിടിക്കപ്പെട്ടാല്‍ ഏറെ ദയനീയമാണ് സ്ഥിതി. അത് കൊണ്ട് തന്നെ ഇക്കൂട്ടര്‍ പിന്നീട് ഒരിക്കലും തിരിച്ച് വരാത്തവണ്ണം പലയാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. മുസൂള്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാര്‍ മുതല്‍ നൈജീരിയയിലെയും കാമറൂണിലെയും മാലിയിലെയും ഗ്രാമവാസികള്‍ വരെ ഇത്തരത്തില്‍ നിര്‍ബന്ധിതരായി തീരുന്നു.

ഈ രാജ്യങ്ങളില്‍ പലതും അറുപതുകളിലും എഴുപതികളിലും ഏകാധിപത്യ ഭരണത്തിലായിരുന്നു എന്ന കാര്യം കൂടി ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. നിയമവാഴ്ച നടപ്പാക്കാനാണ് അധികാരവും സ്വത്തും തങ്ങള്‍ കയ്യടക്കിയിരി്ക്കുന്നത് എന്ന നീതികരണത്തോടെ ആയിരുന്നു ഇത്. രാജ്യത്തെ ആധുനികരിക്കാനും പ്രക്യതി സമ്പത്തിന്റെ നിയന്ത്രണത്തിനും വിഭാഗീയ വംശീയ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും ഇത് അത്യാന്താപേക്ഷിതമാണെന്നും ഇവര്‍ ലോകത്തെയും സ്വന്തം ജനങ്ങളെയും വിശ്വസിപ്പിച്ചു. ഈ ഘട്ടത്തില്‍ തന്നെ ആയിരുന്നു ഇവ ദുര്‍ബലമാകാനും തുടങ്ങിയത്.മതവിദ്വേഷങ്ങള്‍ ഐസിസ് പോലെയുളളവയ്ക്ക് ഗുണകരമായി തീര്‍ന്നു.

ഇനിയും കൂട്ടപ്പലയാനം തുടരുമെന്ന് തന്നെയാണ് സൂചനകള്‍. സുന്നി നഗരമായ മുസൂള്‍ തിരികെ പിടിക്കാന്‍ ഇറാഖ് സൈന്യവും ഷിയ മുസ്ലീംങ്ങളും ശ്രമിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് മൂലം പലായനം ചെയ്യേണ്ടി വരുന്ന ലക്ഷങ്ങള്‍ക്ക് വേണ്ടി ഭക്ഷ്യസംഭരണത്തിനുളള നടപടികള്‍ യുഎന്‍ തുടങ്ങിയിട്ടുമുണ്ട്.
തുര്‍ക്കി തീരത്തടിഞ്ഞ അയ്‌ലന്‍ കുര്‍ദിയുടെ മൃതദേഹവും ഹംഗറി ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതോടെനടന്ന് പോകുന്ന അഭയാര്‍ത്ഥികളുടെ ചിത്രവും യൂറോപ്പിനെ മുള്‍മുനയിലാക്കിയിരുന്നു. അതേസമയം ആഭ്യന്തരയുദ്ധങ്ങള്‍ മാത്രമല്ല ജനങ്ങളെ കൂട്ടപ്പലയാനത്തിലേക്ക് നയിക്കുന്നത് എന്ന കാര്യം കൂടി പ്രശ്‌നങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകും.

കാലാവസ്ഥാ വ്യതിയാനവും രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പ് കേടും അടക്കമുളളവ ജനങ്ങള്‍ ഓടിപ്പോകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വം മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതേസമയം തന്നെ പുറംലോകത്തിന് പലായനം തടയാന്‍ യാതൊന്നും ചെയ്യാനുമില്ല. ഇപ്പോഴത്തെ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മുഖ്യ കേന്ദ്രം സിറിയയും ഇറാഖുമാണ്. ഇവിടെയാണ് അല്‍ഖ്വയ്ദയും ഐസിസും വളര്‍ന്നതും ലോകമെങ്ങുമുളള രാജ്യങ്ങളിലേക്ക് പടര്‍ന്ന് പന്തലിച്ചതും. അതുകൊണ്ട് തന്നെ ഇറാഖിലും സിറിയയിലും യുദ്ധം തുടരുന്നിടത്തോളം ഈ അഭയാര്‍ത്ഥി പ്രവാഹത്തിന് അന്ത്യവും ഉണ്ടാകില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അഭയാര്‍ത്ഥി പ്രവാഹം തടയാനുളള ഏകമാര്‍ഗം ഈ രണ്ട് രാജ്യങ്ങളിലെയും യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. അതിന് എന്തെങ്കിലും ചെയ്യാന്‍ രാജ്യാന്തര സമൂഹത്തിനും കഴിയും.