നായ് കാഷ്ഠത്തില്‍ നിന്ന് വീട് നിര്‍മിക്കാന്‍ ഇഷ്ടിക! പുതിയ കണ്ടുപിടിത്തവുമായി ഫിലിപ്പൈന്‍സിലെ സ്‌കൂള്‍ കുട്ടികള്‍

നായ്ക്കളുടെ വിസര്ജ്യത്തില് നിന്ന് വീട് നിര്മിക്കാനുള്ള ഇഷ്ടിക തയ്യാറാക്കി ഫിലിപ്പൈന്സിലെ സ്കൂള് വിദ്യാര്ത്ഥികള്.
 | 
നായ് കാഷ്ഠത്തില്‍ നിന്ന് വീട് നിര്‍മിക്കാന്‍ ഇഷ്ടിക! പുതിയ കണ്ടുപിടിത്തവുമായി ഫിലിപ്പൈന്‍സിലെ സ്‌കൂള്‍ കുട്ടികള്‍

മനില: നായ്ക്കളുടെ വിസര്‍ജ്യത്തില്‍ നിന്ന് വീട് നിര്‍മിക്കാനുള്ള ഇഷ്ടിക തയ്യാറാക്കി ഫിലിപ്പൈന്‍സിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. രാജ്യ തലസ്ഥാനമായ മനിലയ്ക്ക് സമീപമുള്ള പായാത്താസ് ജില്ലയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്. തെരുവുകളെ മാലിന്യത്തില്‍ നിന്ന് രക്ഷിക്കുന്ന ഒരു ഗവേഷണത്തിന്റെ ഭാഗമായാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.

ഇങ്ങനെയുണ്ടാക്കുന്ന ഇഷ്ടികകള്‍ നിര്‍മാണച്ചെലവ് ചുരുക്കാന്‍ ഉപകരിക്കുമെന്നാണ് കുട്ടികള്‍ അവകാശപ്പെടുന്നത്. നായ്ക്കളുടെ വിസര്‍ജ്യം ഉണക്കിപ്പൊടിച്ച് സിമന്റുമായി ചേര്‍ത്താണ് ഇവര്‍ ‘ബയോ ഇഷ്ടിക’ തയ്യാറാക്കിയത്. ഈ ഇഷ്ടികകള്‍ നടപ്പാതകള്‍ നിര്‍മിക്കാനും മതിലുകള്‍ നിര്‍മിക്കാനും ഉത്തമമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഓരോ ഇഷ്ടികയിലും 10 ഗ്രാം വിസര്‍ജ്യവും 10 ഗ്രാം സിമന്റുമാണ് അടങ്ങിയിരിക്കുന്നത്.

ആദ്യം ഇവയ്ക്ക് ഒരു ദുര്ഗ‍ന്ധമുണ്ടാകുമെങ്കിലും പെട്ടെന്ന് തന്നെ അത് ഇല്ലാതാകുമത്രേ. ഈ സംരംഭത്തിലൂടെ തെരുവുകള്‍ വൃത്തിയാകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ സയന്‍സ് അധ്യാപകന്‍ പറയുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക ഭരണകൂടങ്ങളോ കോര്‍പറേഷനുകളോ ഈ പദ്ധതിക്ക് സഹായം നല്‍കണമെന്നും അധ്യാപകന്‍ ആവശ്യപ്പെട്ടു.

ഫിലിപ്പൈന്‍സില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഇവയെ പരിപാലിക്കുന്നതിലുള്ള നിയമങ്ങള്‍ വളരെ ദുര്‍ബലവുമാണ്. അതിനാല്‍ രാജ്യത്ത് തെരുവ് നായ്ക്കളുടെ എണ്ണം വളരെയേറെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.