5-ാം വയസില്‍ സ്പാനിഷ് ഫ്‌ളൂവിനെ തോല്‍പിച്ചു; കോവിഡിനെയും പരാജയപ്പെടുത്തി 107 വയസുകാരി

കോവിഡ് 19 ബാധിച്ച 107 വയസുകാരി രോഗമുക്തയായി
 | 
5-ാം വയസില്‍ സ്പാനിഷ് ഫ്‌ളൂവിനെ തോല്‍പിച്ചു; കോവിഡിനെയും പരാജയപ്പെടുത്തി 107 വയസുകാരി

മാഡ്രിഡ്: കോവിഡ് 19 ബാധിച്ച 107 വയസുകാരി രോഗമുക്തയായി. സ്‌പെയിനിലെ അന ഡെല്‍ വായെ എന്ന മുത്തശ്ശിയാണ് മഹാമാരിയെ തോല്‍പിച്ചത്. 1918ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂവിനെയും അന്ന് കുട്ടിയായിരുന്ന ഇവര്‍ അതിജീവിച്ചിരുന്നു. 1913ല്‍ ജനിച്ച അന ഡെല്‍ വായെക്ക് അന്ന് അഞ്ച് വയസായിരുന്നു പ്രായം. കോവിഡ് മുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ഇതോടെ ഈ മുത്തശ്ശി സ്വന്തമാക്കിയിരിക്കുകയാണ്.

1918 മുതല്‍ 1920വരെ പടര്‍ന്നുപിടിച്ച മഹാമാരിയില്‍ ഏകദേശം 500 ദശലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. അന്നത്തെ ലോകജനസംഖ്യയുടെ മൂന്നിലൊന്ന് വരും ഇത്. അല്‍കാല ഡെല്‍ വായെയില്‍ ഒരു നഴ്‌സിംഗ് ഹോമിലെ അന്തേവാസിയാണ് ഇവര്‍. ഇവിടെ നിന്നാണ് മറ്റ് 60 അന്തേവാസികള്‍ക്കൊപ്പം ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. ലാ ലീനിയയിലെ ആശുപത്രിയിലേക്ക് മാറ്റിയ ഇവര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.

സ്‌പെയിനില്‍ 22,524 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 92,355 പേര്‍ രോഗമുക്തരായി. ആകെ 2,19,764 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.