10.5 അടി ഉയരം, 65 വയസ്; ഇവനാണ് സ്വന്തമായി അംഗരക്ഷകരുള്ള ആന സെലിബ്രിറ്റി

വെറും സൂപ്പര്സ്റ്റാറല്ല, ഓട്ടോമാറ്റിക് ഗണ്ണുകളുമായി പട്ടാളക്കാര് അംഗരക്ഷകരായുള്ള സൂപ്പര് താരം.
 | 
10.5 അടി ഉയരം, 65 വയസ്; ഇവനാണ് സ്വന്തമായി അംഗരക്ഷകരുള്ള ആന സെലിബ്രിറ്റി

10.5 അടി അതായത് 3.2 മീറ്ററോളം ഉയരം, 65 വയസ്, ആനകളിലെ സൂപ്പര്‍സ്റ്റാറാണ് ഇവന്‍. വെറും സൂപ്പര്‍സ്റ്റാറല്ല, ഓട്ടോമാറ്റിക് ഗണ്ണുകളുമായി പട്ടാളക്കാര്‍ അംഗരക്ഷകരായുള്ള സൂപ്പര്‍ താരം. പറഞ്ഞു വരുന്നത് ശ്രീലങ്കയിലെ ഒരു ആനയെക്കുറിച്ചാണ്. നാദുംഗാമുവ രാജ എന്ന ഈ കൊമ്പന്‍ ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള നാട്ടാനയാണ്. എന്നാല്‍ ഇവനെ താരമാക്കുന്നത് ഈ ഉയരം മാത്രമല്ല. ശ്രീലങ്കയിലെ ദന്തക്ഷേത്രത്തിലെ ഉത്സവത്തിന് ശ്രീബുദ്ധന്റെ അവശിഷ്ടങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ എഴുന്നള്ളിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ആനകളിലൊന്നാണ് രാജ.

രാജ്യത്തിന്റെ അനൗദ്യോഗിക ദേശീയ നിധിയായാണ് രാജയെ കണക്കാക്കുന്നത്. ആനയ്ക്ക് സുരക്ഷയേര്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ തന്നെ അറിയിക്കുകയായിരുന്നുവെന്നാണ് രാജയുടെ ഉടമസ്ഥന്‍ പറയുന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടക്കുന്ന ഉത്സവത്തിലെ എസാല ഘോഷയാത്രയില്‍ 100 ആനകളെയാണ് പങ്കെടുപ്പിക്കുന്നത്. ഇതിന്റെ മുന്‍ നിരയില്‍ രാജയുണ്ടാകും. കാന്‍ഡിയിലെ ക്ഷേത്രത്തിലേക്ക് 90 കിലോമീറ്റര്‍ നടന്നാണ് രാജയെത്താറുള്ളത്. രാത്രികളില്‍ 30 കിലോമീറ്റര്‍ വീതം നടന്നാണ് ഈ യാത്ര.

എസാല ഘോഷയാത്രയില്‍ എല്ലും തോലുമായ പിടിയാനയെ എഴുന്നള്ളിച്ചത് ഈ വര്‍ഷം വിവാദമായിരുന്നു. തിക്കിരി എന്ന ആ ആന അടുത്തിടെ ചരിഞ്ഞു. നാട്ടാനകള്‍ക്ക് കേരളത്തിലേതു പോലെ തന്നെ താരപരിവേഷം നല്‍കുന്നവരാണ് ശ്രീലങ്കയിലുള്ളവരും. ഈ പരിവേഷത്തിന് അപ്പുറം നാട്ടാനകള്‍ വലിയ തോതില്‍ പീഡനം അനുഭവിക്കുന്നുണ്ടെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നുണ്ട്. .