കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി യുദ്ധത്തിന് സാധ്യത; ഭീഷണിയുമായി പാക് വിദേശകാര്യ മന്ത്രി

യുദ്ധമുണ്ടായാല് കാര്യങ്ങള് എങ്ങനെയായിരിക്കുമെന്നത് ഇന്ത്യക്കും പാകിസ്ഥാനും നന്നായി അറിയാം
 | 
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി യുദ്ധത്തിന് സാധ്യത; ഭീഷണിയുമായി പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാഹചര്യമുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജമ്മു കാശ്മീരിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കവെയാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധ സാഹചര്യം ഞാന്‍ തള്ളിക്കളയുന്നില്ല. ഒരു യുദ്ധമുണ്ടായാല്‍ കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നത് ഇന്ത്യക്കും പാകിസ്ഥാനും നന്നായി അറിയാം. അതിനാല്‍ ഇരുകൂട്ടരും ഉചിതരമായ തീരുമാനങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ഷാ പറഞ്ഞു.

യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ കണ്ട് സംസാരിച്ചിരുന്നു. ഇന്ത്യന്‍ അധീന കാശ്മീരില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സുതാര്യമായ അന്താരാഷ്ട്ര അന്വേഷണം വേണം. പാക്, ഇന്ത്യന്‍ അധീന കാശ്മീരില്‍ അന്വേഷണ സംഘം സന്ദര്‍ശനം നടത്തണമെന്ന് നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇരുപ്രദേശങ്ങളും സന്ദര്‍ശിച്ച് കഴിയുന്നത്ര വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തണം. അതിലൂടെ എന്താണ് യാഥാര്‍ത്ഥ്യമെന്ന് ലോകത്തിന് മനസ്സിലാക്കാം. ഷാ കൂട്ടിച്ചേര്‍ത്തു.

ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷായുടെ ഭീഷണി. ഇന്ത്യ ഷായുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. നേരത്തെ പാക് അധീന കാശ്മീര്‍ തിരിച്ചു പിടിക്കുകയാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യമെന്ന് നേരത്തെ ഇന്ത്യന്‍ സൈനിക മേധാവി സൂചിപ്പിച്ചിരുന്നു. ഇന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് അധീന കാശ്മീരില്‍ റാലി നടത്തുന്നുണ്ട്. ഇന്ത്യ യുദ്ധത്തിന് തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതോടെയാണ് ഇമ്രാന്‍ ഖാന്‍ റാലി സംഘടിപ്പിച്ചതെന്നും സൂചനയുണ്ട്.