എല്ലും തോലുമായി ശോചനീയാവസ്ഥയില്‍ എഴുന്നള്ളിച്ച ആന ചെരിഞ്ഞു

എല്ലും തോലുമായി മൃതപ്രായയായിരിക്കെ എഴുന്നള്ളിച്ച ആന ചെരിഞ്ഞു.
 | 
എല്ലും തോലുമായി ശോചനീയാവസ്ഥയില്‍ എഴുന്നള്ളിച്ച ആന ചെരിഞ്ഞു

എല്ലും തോലുമായി മൃതപ്രായയായിരിക്കെ എഴുന്നള്ളിച്ച ആന ചെരിഞ്ഞു. ശ്രീലങ്കയിലെ കാന്‍ഡിയില്‍ ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ ശോചനീയാവസ്ഥയിലുള്ള ആനയെ എഴുന്നള്ളിച്ചത് വിവാദമായിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് ആന ചെരിഞ്ഞത്. ബുദ്ധക്ഷേത്രത്തിലെ എസല പെരഹേര ആഘോഷത്തിലാണ് തിക്കിരി എന്ന ആനയെ എഴുന്നള്ളിച്ചത്. 70 വയസോളം പ്രായമുള്ള ആനയെ അനാരോഗ്യത്തിലും കിലോമീറ്ററുകള്‍ നടത്തിച്ചുവെന്ന് സേവ് എലഫന്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

മണിക്കൂറുകളോളം നീണ്ടുനിന്ന എഴുന്നള്ളത്തിലെ ശക്തമായ പ്രകാശവും വെടിക്കെട്ടുമെല്ലാം ആനയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് സേവ് എലഫന്റ് അറിയിക്കുന്നത്. വിവാദത്തെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ ബുധനാഴ്ച നടന്ന അവസാന ഘോഷയാത്രയില്‍ നിന്ന് തിക്കിരിയെ ഒഴിവാക്കിയിരുന്നു. ആനയുടെ ദയനീയാവസ്ഥ പുറത്തു കാട്ടാത്ത വിധത്തിലുള്ള പ്രത്യേക വേഷവിധാനങ്ങള്‍ അണിയിച്ചായിരുന്നു തിക്കിരിയെ ആദ്യം എഴുന്നള്ളിച്ചത്.

എല്ലും തോലുമായി ശോചനീയാവസ്ഥയില്‍ എഴുന്നള്ളിച്ച ആന ചെരിഞ്ഞു

60 ആനകളെയാണ് എസല പെരഹേര ആഘോഷത്തില്‍ എഴുന്നളളിക്കാറുള്ളത്. ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയാണ് ഇതില്‍ പ്രധാനം. എന്നാല്‍ സംഘനയുടെ വാദങ്ങള്‍ ബുദ്ധക്ഷേത്രം ഭാരവാഹികള്‍ തള്ളി. തിക്കിരിക്ക് വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്.