മക്കൾക്ക് വേണ്ടി ചെലവഴിക്കാൻ പണമില്ല; മൂന്ന് പെൺമക്കളെ പിതാവ് ശ്വാസംമുട്ടിച്ചു കൊന്നു

മക്കൾക്ക് വേണ്ടി ചെലവഴിക്കാൻ പണമില്ല എന്ന കാരണം പറഞ്ഞ് പിതാവ് മൂന്ന് പെൺമക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പാകിസ്താനിലെ ലാഹോറിലാണ് സംഭവം.
 | 
മക്കൾക്ക് വേണ്ടി ചെലവഴിക്കാൻ പണമില്ല; മൂന്ന് പെൺമക്കളെ പിതാവ് ശ്വാസംമുട്ടിച്ചു കൊന്നു

 

ഇസ്ലാമാബാദ്: മക്കൾക്ക് വേണ്ടി ചെലവഴിക്കാൻ പണമില്ല എന്ന കാരണം പറഞ്ഞ് പിതാവ് മൂന്ന് പെൺമക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പാകിസ്താനിലെ ലാഹോറിലാണ് സംഭവം. 7 വയസ് പ്രായമുള്ള ഇരട്ട സഹോദരിമാർ അമൻ, ചാഷ്മൻ, 5 വയസുകാരി ഫിസ എന്നിവരെയാണ് പിതാവ് ഇർഷാദ് അഹമ്മദ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്.

ലാഹോറിൽ നിന്നും 135 മൈൽ അകലെ ചക്ക് ജുമറ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് സംഭവം. കുട്ടികളുടെ മാതാവ് ഷബന നാസ് ഒരു വിവാഹത്തിന് പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ഇർഷാദ് മക്കളെ കൊലപ്പെടുത്തിയത്. വിവാഹ സൽക്കാരത്തിന് ശേഷം രാത്രി വൈകി വീട്ടിലെത്തിയ ഷബന കുട്ടികൾ ഉറങ്ങുകയാണെന്നു കരുതി അവരെ ഉണർത്തിയില്ല. തിങ്കളാഴ്ച രാവിലെയാണ് മക്കൾ മരിച്ച വിവരം ഷബന അറിയുന്നത്.

മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കുന്നത് തന്റെ മാതാപിതാക്കളാണെന്ന് ഷബന പറയുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന് മുടക്കാൻ തന്റെ കൈയിൽ പണമില്ലെന്ന് ഭർത്താവ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മക്കൾ വിദ്യാഭ്യാസം നേടണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നില്ല. അവരെ ഉപയോഗ ശൂന്യരായാണ് അയാൾ കണ്ടിരുന്നത്. മക്കളെ പഠിപ്പിക്കാൻ അയച്ചാൽ കുടുംബം പട്ടിണികൊണ്ട് ചാകുമെന്നാണ് ഭർത്താവ് വിശ്വസിച്ചിരുന്നതെന്നും ഷബന പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ നിഷ്‌കളങ്കരായ കുട്ടികളെ കൊലപ്പെടുത്തിയതിന് ഭർത്താവിന് തക്കതായ ശിക്ഷ നൽകാൻ പോലീസ് തയ്യാറാകണമെന്നാണ് ഷബനയുടെ ആവശ്യം.