മതത്തെ അപമാനിച്ച പ്രവാസികള്‍ക്ക് യുഎഇയില്‍ 96 ലക്ഷം രൂപ വീതം പിഴ

ശിക്ഷാ വിധിക്ക് ശേഷവും അപ്പീല് പോകാന് പ്രതികള് തയ്യാറായിട്ടില്ല.
 | 
മതത്തെ അപമാനിച്ച പ്രവാസികള്‍ക്ക് യുഎഇയില്‍ 96 ലക്ഷം രൂപ വീതം പിഴ

ദുബായ്: സോഷ്യല്‍ മീഡിയയിലൂടെ മതത്തെ അപമാനിച്ച പ്രവാസികള്‍ക്ക് യുഎഇയില്‍ 96 ലക്ഷം രൂപ പിഴ. പഞ്ചനക്ഷത്ര ഹോട്ടലില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തിരുന്ന മൂന്ന് ശ്രീലങ്കന്‍ പൗരന്മാര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ നല്‍കിയതിന് ശേഷം മൂവരെയും നാടുകടത്തും. ഓരോരുത്തരും അഞ്ച് ലക്ഷം ദിര്‍ഹം വീതം പിഴയടയ്ക്കാനാണ് ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടിരിക്കുന്നത്.

പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ മതത്തെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും വിദ്വേഷം പടരുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്തുവെന്നും കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെ ഹോട്ടല്‍ അധികൃതര്‍ നേരത്തെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കേസില്‍ പൊലീസിന്റെ ഇടപെടലുണ്ടാകുന്നത്. പ്രതികള്‍ എല്ലാവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

മൂവരും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവര്‍ പ്രചരിപ്പിച്ച പോസ്റ്റുകളുടെ പകര്‍പ്പ് പരിശോധിച്ച കോടതി മൂവരും കുറ്റക്കാരാണെന്ന് വ്യക്തമാക്കി. ശിക്ഷാ വിധിക്ക് ശേഷവും അപ്പീല്‍ പോകാന്‍ പ്രതികള്‍ തയ്യാറായിട്ടില്ല. അപ്പീല്‍ കാലാവധി അവസാനിച്ചാല്‍ പ്രാഥമിക കോടതിയുടെ വിധി അന്തിമമായി മാറും.