ന്യൂയോര്‍ക്കില്‍ മൃഗശാലയിലെ കടുവയ്ക്കും കൊറോണ; പകര്‍ന്നത് മനുഷ്യനില്‍ നിന്ന്; ഇത്തരത്തിലുള്ള ആദ്യ സംഭവം

കൊറോണ മനുഷ്യരില് നിന്ന് മൃഗങ്ങളിലേക്കും.
 | 
ന്യൂയോര്‍ക്കില്‍ മൃഗശാലയിലെ കടുവയ്ക്കും കൊറോണ; പകര്‍ന്നത് മനുഷ്യനില്‍ നിന്ന്; ഇത്തരത്തിലുള്ള ആദ്യ സംഭവം

ന്യൂയോര്‍ക്ക്: കൊറോണ മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാദിയ എന്ന് പേരുള്ള മലയന്‍ പെണ്‍കടുവയ്ക്കാണ് കൊറോണ ബാധ ആദ്യം സ്ഥിരീകരിച്ചത്. മറ്റ് ആറ് മൃഗങ്ങള്‍ക്കും രോഗബാധയുണ്ടായിട്ടുണ്ടെന്ന് അയോവയിലെ നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന മൃഗശാലാ ജീവനക്കാരനില്‍ നിന്നാണ് മൃഗങ്ങള്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം പകരുന്ന ആദ്യ സംഭവമാണ് ഇത്. രോഗവാഹകനായ ജീവനക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. മാര്‍ച്ച് അവസാനത്തോടെ വരണ്ട ചുമ ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ മൃഗങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു.

നാദിയയ്ക്കാണ് ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. പിന്നീട് ഇവളുടെ സഹോദരി അസുലിന് രോഗമുണ്ടായി. പിന്നാലെ രണ്ട് അമൂര്‍ കടുവകള്‍ക്കും മൂന്ന് ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. എല്ലാ മൃഗങ്ങളും രോഗമുക്തിയിലേക്ക് നീങ്ങുകയാണെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.