അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു
 | 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനും എതിരെയുള്ള കേസുകള്‍ കുത്തിപ്പൊക്കുന്നതിന് ഉക്രൈന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ കുറ്റത്തിനാണ് നടപടി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്നയാളാണ് ബൈഡന്‍.

ഇംപീച്ച്‌മെന്റ് പ്രമേയം പാസായതിനാല്‍ അടുത്ത മാസം സെനറ്റ് നടത്തുന്ന വിചാരണയെ ട്രംപ് നേരിടണം. സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. അതുകൊണ്ട് ഇംപീച്ച്മെന്റ് നീക്കം അവിടെ പരാജയപ്പെടുമെന്നാണ് കരുതുന്നത്. 230 പേരാണ് ജനപ്രതിനിധി സഭയില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. 197 പേര്‍ എതിര്‍ത്തു.

ഇംപീച്ച്മെന്റ് നടപടികളോട് സഹകരിക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ തടസപ്പെടുത്തി, അധികാര ദുര്‍വിനിയോഗം നടത്തി തുടങ്ങി ട്രംപിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാം പ്രസിഡന്റാണ് ട്രംപ്.