സിറിയയിൽ അമേരിക്ക വ്യോമാക്രമണം തുടങ്ങി

സിറിയയിലെ ഐ.എസ്.ഐ.എസ് തീവ്രവാദികളുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം തുടങ്ങി. തീവ്രവാദികളെ പൂർണമായി നശിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് സിറിയയിൽ യു.എസ് സൈന്യം വ്യോമാക്രമണം തുടങ്ങിയത്. സിറിയയിൽ തീവ്രവാദികളുടെ ശക്തികേന്ദ്രമായ റാക്കയിലാണ് ഇപ്പോൾ വ്യോമാക്രമണം നടത്തുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
 | 

ഡമാസ്‌കസ്: സിറിയയിലെ ഐ.എസ്.ഐ.എസ് തീവ്രവാദികളുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം തുടങ്ങി. തീവ്രവാദികളെ പൂർണമായി നശിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് സിറിയയിൽ യു.എസ് സൈന്യം വ്യോമാക്രമണം തുടങ്ങിയത്. സിറിയയിൽ തീവ്രവാദികളുടെ ശക്തികേന്ദ്രമായ റാക്കയിലാണ് ഇപ്പോൾ വ്യോമാക്രമണം നടത്തുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെയാണ് സിറിയയിലേക്ക് തങ്ങളുടെ യുദ്ധവിമാനങ്ങൾ മിസൈലുകളുമായി പ്രവേശിച്ചതെന്നും തീവ്രവാദികൾക്കെതിരെയുള്ള ആക്രമണം ശക്തമാക്കിയെന്നും പെന്റഗൺ വക്താവ് റിയർ അഡ്മിറർ ജോൺ കിർബി അറിയിച്ചു. യുദ്ധവിമാനങ്ങളും ബോംബർ ജെറ്റുകളും നടത്തിയ ആക്രമണത്തിനായി ടോമോഹോക് മിസൈലുകൾ ഉപയോഗിച്ചതായും ജോൺ കിർബി പറഞ്ഞു.

മാധ്യമപ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ഐ.എസ് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിക്ക വ്യോമാക്രമണത്തിന് തീരുമാനിച്ചത്. തീവ്രവാദികൾക്കെതിരെ അമേരിക്കയും അറബ് രാഷ്ട്രങ്ങളും സഖ്യം രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്. ബഹ്‌റൈൻ, സഊദി അറേബ്യ, ഖത്തർ, ജോർദാൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ആക്രമണവുമായി സഹകരിക്കുന്നുണ്ടെന്നും അമേരിക്ക അറിയിച്ചു.