2008ലെ മുംബൈ ആക്രമണം വീരോചിതം; ജർമൻ ബേക്കറി സ്‌ഫോടനം മനോഹരമെന്നും അൽഖ്വയ്ദ

ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ അൽഖ്വയ്ദയും ഒസാമ ബിൻലാദനും ഏറെ അഭിമാനിച്ചിരുന്നതായി രഹസ്യ രേഖകൾ വെളിപ്പെടുത്തുന്നു. ലാദൻ കൊല്ലപ്പെട്ട അബോട്ടാബാദിലെ രഹസ്യ സങ്കേതത്തിൽ സൂക്ഷിച്ചിരുന്ന രേഖകളിലാണ് ഇതേക്കുറിച്ചുളള സൂചനകൾ ഉളളത്. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയാണ് ഈ രേഖകൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
 | 

2008ലെ മുംബൈ ആക്രമണം വീരോചിതം; ജർമൻ ബേക്കറി സ്‌ഫോടനം മനോഹരമെന്നും അൽഖ്വയ്ദ
വാഷിംഗ്ടൺ: ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ അൽഖ്വയ്ദയും ഒസാമ  ബിൻലാദനും ഏറെ അഭിമാനിച്ചിരുന്നതായി രഹസ്യ രേഖകൾ വെളിപ്പെടുത്തുന്നു. ലാദൻ കൊല്ലപ്പെട്ട അബോട്ടാബാദിലെ രഹസ്യ സങ്കേതത്തിൽ സൂക്ഷിച്ചിരുന്ന രേഖകളിലാണ് ഇതേക്കുറിച്ചുളള സൂചനകൾ ഉളളത്. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയാണ് ഈ രേഖകൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

2008ലെ മുംബൈ ആക്രമണത്തെ വീരോചിതമായ ഉദ്യമം എന്നാണ് പുകഴ്ത്തിയിരിക്കുന്നത്. ജർമൻ ബേക്കറി സ്‌ഫോടനത്തെ മനോഹരമെന്നും ലാദനും സംഘവും വിളിക്കുന്നു. 15 പേജുളള രേഖയിലാണ് ഈ ആക്രമണങ്ങളെക്കുറിച്ച് പറയുന്നത്. മറ്റ് സമാന സംഘടനകൾക്കും ഇത് പ്രേരകമാകട്ടെയെന്നും ഇവയിൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. മറ്റ് ആക്രമണങ്ങൾക്ക് ഇത് മാതൃകയാക്കാനും ആഹ്വാനമുണ്ട്.

2011ലാണ് അബോട്ടാബാദിലെ ഒളിസങ്കേതത്തിൽ വച്ച് ലാദൻ അമേരിക്കൻ സഖ്യസൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അന്ന് അവിടെ നിന്ന് കണ്ടെത്തിയ നൂറോളം രഹസ്യ രേഖകളാണ് അമേരിക്ക ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ 2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തിൽ 150 പേരാണ് മരിച്ചത്. മൂന്നൂറിലേറെ പേർക്ക് പരിക്കേറ്റു. 2010ൽ പൂനെയിലെ ജർമൻ ബേക്കറിയിൽ നടന്ന സ്‌ഫോടനത്തിൽ 17 പേർ മരിക്കുകയും അറുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ആക്രമണങ്ങളുടെയും പിന്നിൽ ലഷ്‌കർ ഇ തോയിബയായിരുന്നു. പത്ത് പാക് പൗരൻമാരെ ഉപയോഗിച്ചാണ് മുംബൈ ആക്രമണം നടത്തിയത്. പൂനെ ആക്രമണം നടത്തിയതിന് പിന്നിൽ ലഷ്‌കർ ആയിരുന്നെങ്കിലും ഇതിന് ഇന്ത്യൻ മുജാഹിദ്ദീനെയാണ് ഉപയോഗിച്ചത്.

ഭീകരരെ കുറച്ചുളള വിവരങ്ങൾ ഇപ്പോൾ കണ്ടെടുത്ത രേഖകളിലുണ്ടെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ. അമേരിക്കയെയും സഖ്യകക്ഷികളെയും കൊല്ലാൻ അൽഖ്വയ്ദയ്ക്ക് നിർദേശം നൽകുന്നതിന്റെ വിശദാംശങ്ങൾ ഇതിലുണ്ട്. അമേരിക്കയിൽ കൂടുതൽ അക്രമങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നു. രേഖകളിൽ ഭൂരിഭാഗവും അറബിയിലാണ്. ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി വരികയാണ്.