വെർജിൻ സ്‌പേസ് ഷിപ്പിന്റെ തകർച്ച; സ്‌പേസ് ടൂറിസത്തിന് തിരിച്ചടി

ലോസ് ഏഞ്ചൽസ്: ഭൂമിയെല്ലാം കറങ്ങിയവരും അനന്തമായ ആകാശത്തെ സ്നേഹിക്കുന്നവരും പോകാൻ കൊതിച്ചിരിക്കുന്ന യാത്ര വൈകുമെന്ന് ഉറപ്പായി. ശൂന്യാകാശത്ത് പോയി നീലനിറമാർന്ന ഭൂമിയെ ഒന്ന് കണ്ടിട്ട് വേണം മരിക്കാൻ എന്ന് തീരുമാനിച്ച് കനത്ത തുക മുൻകൂറായി നൽകി കാത്തിരിക്കുന്ന അനേകായിരങ്ങളുണ്ട്. വെർജിൻ എയർലൈൻ കമ്പനിയുടെ ബഹിരാകാശ വാഹനം ഇന്ന് തകർന്ന് വീണതോടെയാണ് ഇവരുടെ യാത്ര വൈകുമെന്ന് ഉറപ്പായത്. ഓർബിറ്റൽ സയൻസ് കോർപ്പറേഷൻ എന്ന സ്വകാര്യ കമ്പനിയുടെ റോക്കറ്റ് കഴിഞ്ഞ ദിവസം വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചതും ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് തിരിച്ചടി
 | 
വെർജിൻ സ്‌പേസ് ഷിപ്പിന്റെ തകർച്ച; സ്‌പേസ് ടൂറിസത്തിന് തിരിച്ചടി


ലോസ് ഏഞ്ചൽസ്:
ഭൂമിയെല്ലാം കറങ്ങിയവരും അനന്തമായ ആകാശത്തെ സ്‌നേഹിക്കുന്നവരും പോകാൻ കൊതിച്ചിരിക്കുന്ന യാത്ര വൈകുമെന്ന് ഉറപ്പായി. ശൂന്യാകാശത്ത് പോയി നീലനിറമാർന്ന ഭൂമിയെ ഒന്ന് കണ്ടിട്ട് വേണം മരിക്കാൻ എന്ന് തീരുമാനിച്ച് കനത്ത തുക മുൻകൂറായി നൽകി കാത്തിരിക്കുന്ന അനേകായിരങ്ങളുണ്ട്. വെർജിൻ എയർലൈൻ കമ്പനിയുടെ ബഹിരാകാശ വാഹനം ഇന്ന് തകർന്ന് വീണതോടെയാണ് ഇവരുടെ യാത്ര വൈകുമെന്ന് ഉറപ്പായത്. ഓർബിറ്റൽ സയൻസ് കോർപ്പറേഷൻ എന്ന സ്വകാര്യ കമ്പനിയുടെ റോക്കറ്റ് കഴിഞ്ഞ ദിവസം വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചതും ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് തിരിച്ചടി നൽകിയിരിക്കുകയാണ്.

ബഹിരാകാശത്തേക്ക് 2020 ആകുമ്പോഴേക്കും വൻതോതിൽ സഞ്ചാരികളെ കൊണ്ടുപോകാൻ കഴിയണം എന്ന ലക്ഷ്യത്തോടെ നിരവധി സ്വകാര്യ കമ്പനികൾ ഗവേഷണം നടത്തുന്നുണ്ട്. ഇതിൽ പ്രമുഖരായിരുന്നു വെർജിൻ. കിറുക്കനായ വ്യവസായി എന്ന പേരിൽ അറിയപ്പെടുന്ന റിച്ചാർഡ് ബ്രാൻസണാണ് കമ്പനിയുടെ ഉടമ. ലോകത്തെ ഏറ്റവു വലിയ പണക്കാരിലൊരാൾ, എന്തിനേയും തലതിരിഞ്ഞ നിലയിൽ സമീപിക്കുന്ന ബിസിനസ് പരീക്ഷണങ്ങൾക്കുടമ- ഇങ്ങനെ നീളുന്നു ബ്രാൻസണേക്കുറിച്ചുള്ള വിശേഷണങ്ങൾ. വെർജിൻ മൊബൈൽ ഉൾപ്പെടെയുള്ള കമ്പനികളുടെ ഉടമായണിദ്ദേഹം.

റിച്ചാർഡ് ബ്രാൻസൺ ബഹിരാകാശപ്പറക്കലിന് പരിശീലനം നേടുന്ന വീഡിയോ കാണാം. സീറോ ഗ്രാവിറ്റി അനുഭവവും ദുർഘടമായ പറക്കൽ അനുഭവവും നേടിയ ശേഷമാണ് യാത്രികരെ ബഹിരാകാശ വാഹനത്തിൽ അയക്കുകയുള്ളു.


വെർജിൻ ഗലാക്ടിക് എന്ന് പേര് നൽകിയിട്ടുള്ള ബഹിരാകാശ സഞ്ചാര പദ്ധതിയിൽ വാഹനം കണ്ടുപിടിക്കുന്നതിന് മുൻപ് തന്നെ 700 പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പോപ് ഗായകൻ ജസ്റ്റിൻ ബീബർ ഉൾപ്പെടെയുള്ള പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. രണ്ടര ലക്ഷം ഡോളർ (ഏകദേശം ഒന്നരക്കോടി രൂപ) അടച്ച് കാത്തിരിക്കുന്നവരുടെ യാത്ര 2020-ലും നടക്കില്ല എന്നാണ് ഇന്നത്തെ പരാജയത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.

സാധാരണ നിലയിൽ ബഹിരാകാശ യാത്രക്ക് സഹായിക്കുന്നത് റോക്കറ്റുകളാണ്. ഇതിൽ നിന്നും വ്യത്യസ്തമായ വഴിയായിരുന്നു വെർജിൻ തേടിയത്. അവർ തന്നെ വികസിപ്പിച്ചെടുത്ത വൈറ്റ് നൈറ്റ് ടു കാരിയർ ജറ്റ് ആണ് ബഹിരാകാശ വാഹനത്തെ ഭൂമിയിൽ നിന്നും കൊണ്ടുപോവുക. 45000 അടി മുകളിൽ വച്ച് ഇത് വിമാനത്തിൽ നിന്നും വേർപ്പെടും. താഴേക്കുള്ള വീഴ്ചക്കിടെ ബഹിരാകാശ വാഹനത്തിന്റെ എൻജിനുകൾ (റോക്കറ്റ് മോട്ടോറുകൾ) പ്രവർത്തിപ്പിക്കുകയും അത് ഭൂമിയിൽ നിന്നും 100 കിലോമീറ്റർ അകലേക്ക് കുതിക്കുകയും ചെയ്യും. കുറച്ചു മിനിറ്റുകൾ മാത്രമാണ് വാഹനം മർദ്ദശൂന്യതയിൽ നിൽക്കുകയുള്ളു. കുറച്ച് സമയത്തേക്ക് ഭാരമില്ലായ്മ അറിയാൻ കഴിയും എന്നതാണ് യാത്രയെ ആകർഷകമാക്കുന്നത്. തുടർന്ന് താഴേക്ക് വന്ന് ഒരു വിമാനം എന്ന പോലെ ലാൻഡ് ചെയ്യും.

വെർജിൻ ഗലാക്ടിക് പദ്ധതിയുടെ പ്രൊമോഷണൽ വീഡിയോ കാണാം

വെർജിൻ ഗലാക്ടിക് പദ്ധതിയുടെ പ്രവർത്തനം എങ്ങനെയെന്ന് വിശദമാക്കുന്ന അനിമേഷൻ വീഡിയോ

 

കാരിയർ വിമാനത്തിൽ നിന്ന് വേർപെട്ട ശേഷം റോക്കറ്റ് മോട്ടോറുകൾ പ്രവർത്തിപ്പിച്ചപ്പോഴായിരുന്നു ഇന്ന് വാഹനം പൊട്ടിത്തെറിച്ചത്.  കാലിഫോർണിയയിലെ മൊജാവ് എയർ ആൻഡ് സ്‌പേസ് പോർട്ടിന് സമീപത്താണ് പേടകം തകർന്നു വീണത്. പ്രധാന പൈലറ്റ് തൽസമയം കൊല്ലപ്പെട്ടു. പാരച്യൂട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച സഹപൈലറ്റിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പേടകം അതിന്റെ ലോഞ്ചിന് സഹായിക്കുന്ന ജെറ്റ് വിമാനത്തിൽ നിന്ന് വേർപ്പെട്ട ഉടനെ തകരുകയായിരുന്നുവെന്നാണ് ഫെഡറൽ ഏവിയേഷൻ അധികൃതർ നൽകുന്ന വിവരം. തകർച്ചയുടെ ആഘാതത്തിൽ ഒന്നര കിലോമീറ്റർ പരിധിയിൽ പേടകത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്.

ബഹിരാകാശ വാഹനം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ വീഡിയോകൾ കാണാം.


ബഹിരാകാശ ദൗത്യങ്ങൾക്കുള്ള റോക്കറ്റുകളിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഇന്ധനമായിരുന്നു വെർജിൻ ഗലാക്ടിക്കിൽ ഉപയോഗിച്ചിരുന്നത്. ഗ്രൗണ്ട് പരീക്ഷണങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ഈ ഇന്ധനമാണോ ആകാശത്ത് വില്ലനായതെന്ന് സംശയങ്ങൾ ഉയരുന്നുണ്ട്. എന്തായാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വെർജിൻ ഉടമ റിച്ചാർഡ് ബ്രാൻസൺ അറിയിച്ചു. വെർജിൻ ഗലാക്ടിക് വാഹനത്തിന്റെ ആദ്യ മോഡലിന്റെ പരീക്ഷണത്തിനിടെ 2007-ൽ ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. ഗ്രൗണ്ട് പരീക്ഷണങ്ങൾക്കിടെയായിരുന്നു ഇത്.