മദ്യലഹരിയിൽ യുവതികൾ അഴിഞ്ഞാടി; വിമാനം തിരിച്ചിറക്കി

മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ അഴിഞ്ഞാടിയ യുവതികൾ പരിഭ്രാന്തി പടർത്തി. ടൊറന്റോയിൽ നിന്ന് ക്യൂബയിലേക്കു പോയ സൺവിംഗ് വിമാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്യൂട്ടി ഫ്രീ മദ്യം വാരിവലിച്ചു കുടിച്ച യുവതികളാണ് യാത്രക്കാരെ മുൾമുനയിൽ നിർത്തിയത്. കാനഡ സ്വദേശിനികളായ ലില്ല രാത് മൻസകി എന്ന 25-കാരിയും മിലാനെ മുസിക്കാന്റു(26)വുമാണ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്.
 | 

മദ്യലഹരിയിൽ യുവതികൾ അഴിഞ്ഞാടി; വിമാനം തിരിച്ചിറക്കി

ടൊറന്റോ: മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ അഴിഞ്ഞാടിയ യുവതികൾ പരിഭ്രാന്തി പടർത്തി. ടൊറന്റോയിൽ നിന്ന് ക്യൂബയിലേക്കു പോയ സൺവിംഗ് വിമാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്യൂട്ടി ഫ്രീ മദ്യം വാരിവലിച്ചു കുടിച്ച യുവതികളാണ് യാത്രക്കാരെ മുൾമുനയിൽ നിർത്തിയത്. കാനഡ സ്വദേശിനികളായ ലില്ല രാത് മൻസകി എന്ന 25-കാരിയും മിലാനെ മുസിക്കാന്റു(26)വുമാണ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്.

കൈവശമുണ്ടായിരുന്ന മദ്യം വിമാനത്തിന്റെ ടോയ്‌ലറ്റിൽ കയറി കുടിച്ച ശേഷം യാത്രക്കാർക്കിടെയിലേക്ക് ചെന്ന ഇരുവരും സിഗരറ്റിന് തീ കൊളുത്തി. തുടർന്ന് തങ്ങൾ ഇപ്പോൾ തന്നെ വിമാനത്തെ അഗ്‌നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിന് തൊട്ട് പിന്നാലെ ഇരുവരും വാക്ക് തർക്കത്തിലേർപ്പെടാനും പരസ്പരം തല്ലൂകൂടാനും തുടങ്ങി. തുടക്കത്തിൽ എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ച് നിന്ന പൈലറ്റും വിമാന ജീവനക്കാരും സൈനിക ജെറ്റ് വിളിച്ചുവരുത്തി. ഒടുവിൽ സൈനിക വിമാനത്തിന്റെ അകമ്പടിയോടെ വിമാനത്തെ ടൊറന്റോ എയർപോർട്ടിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.

എയർപോർട്ട് പോലീസ് ഇരുവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിമാനത്തിനുള്ളിൽ പുകവലിച്ചു, സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പെരുമാറി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയത്. കേസിൽ ജാമ്യം കിട്ടണമെങ്കിൽ 2500 ഡോളർ വേണമെന്നാണ് ഇവരുടെ വക്കീൽ പറഞ്ഞത്. ഇരുവരും യോർക്ക് യൂണിവേഴ്‌സിറ്റിയിലെ നേഴ്‌സിംഗ് വിദ്യാർത്ഥികളാണ്.