പെരുന്നാളിന് നാട്ടിലെത്താനാവാതെ പ്രവാസികള്‍; വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

വേനലവധി അവസാനിക്കുന്നതും പെരുന്നാള് അവധിയും ഒന്നിച്ചെത്തിയതിനാല് പല വിമാനങ്ങളില് നിന്നും ടിക്കറ്റുകള് ലഭിക്കുന്നു പോലുമില്ല
 | 
പെരുന്നാളിന് നാട്ടിലെത്താനാവാതെ പ്രവാസികള്‍; വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

ദുബായ്: പെരുന്നാളിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിലുണ്ടായ വര്‍ധനവ് പ്രവാസികളെ വലക്കുന്നു. റമദാന്‍ ആരംഭിച്ചതിന് ശേഷം ഇരട്ടിയിലധികമാണ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എയര്‍ടിക്കറ്റുകളിലാണ് കൂടുതല്‍ നിരക്ക് വര്‍ധന. വേനലവധി അവസാനിക്കുന്നതും പെരുന്നാള്‍ അവധിയും ഒന്നിച്ചെത്തിയതിനാല്‍ പല വിമാനങ്ങളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കുന്നു പോലുമില്ല.

ദുബായില്‍ നിന്ന് കേരളത്തിലേക്ക് പെരുന്നാളിന് യാത്രചെയ്യാന്‍ മൂന്ന് ഇരട്ടിയോളം അധികം തുകയാണ് നല്‍കേണ്ടി വരിക. ഒരാഴ്ച മുമ്പുവരെ പതിനൊന്നായിരം രൂപയ്ക്ക് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് കിട്ടിയിരുന്ന ടിക്കറ്റുകള്‍ക്കെല്ലാം അടുത്തമാസം ആദ്യത്തോടെ അരലക്ഷത്തിലേറെ രൂപയാണ് നിരക്ക്. കരിപ്പൂരിലേക്ക് ഒരു കുടുംബത്തിന് യാത്ര ചെയ്യണമെങ്കില്‍ രണ്ട് ലക്ഷത്തിലേറെ രൂപ നല്‍കണമെന്ന അവസ്ഥയാണ്. ഫ്ളൈ ദുബായ് വിമാനത്തില്‍ ജൂണ്‍ ഒന്‍പതിന് കൊച്ചി-ദുബായ് യാത്രയ്ക്ക് ഒരാള്‍ക്ക് 32,000 രൂപയാണ് നിരക്ക്.

റമദാന്‍ തുടങ്ങിയത് മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവുണ്ടായിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് ടിക്കറ്റ് വിലയില്‍ ഇനിയും വര്‍ദ്ധനവുണ്ടാകും. ഒരാഴ്ച്ച മുതല്‍ ഒരു മാസം വരെയുള്ള ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ കുടുംബത്തെ കാണാനെത്തുന്ന പ്രവാസികള്‍ക്കാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കുടൂതല്‍ വിനയായിരിക്കുന്നത്. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.