ബ്രിട്ടീഷ് രാജകുമാരി ഷാർലറ്റിന്റെ മാമ്മോദീസ; ബ്രിട്ടൺ ആഘോഷത്തിൽ

ബ്രിട്ടീഷ് രാജകുമാരി ഷാർലറ്റിന്റെ മാമ്മോദീസ ആചാരപരമായ ചടങ്ങുകളോടെ നടന്നു. കാന്റൻബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് മാമോദീസാ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. ജോർദാൻ നദിയിലെ വെളളം കുഞ്ഞിന്റെ തലയിലൊഴിച്ചാണ് ഷാർലറ്റിനെ ക്രിസ്തുമതത്തിലേക്ക് സ്വാഗതം ചെയ്തത്. 1841ൽ വിക്ടോറിയ രാജ്ഞിയുടെ മൂത്തമകൾക്ക് വേണ്ടി തയാറാക്കിയ സാറ്റിൻ ഗൗണായിരുന്നു രാജകുമാരിയുടെ വേഷം.
 | 
ബ്രിട്ടീഷ് രാജകുമാരി ഷാർലറ്റിന്റെ മാമ്മോദീസ; ബ്രിട്ടൺ ആഘോഷത്തിൽ

 

ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരി ഷാർലറ്റിന്റെ മാമ്മോദീസ ആചാരപരമായ ചടങ്ങുകളോടെ നടന്നു. കാന്റൻബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് മാമോദീസാ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. ജോർദാൻ നദിയിലെ വെളളം കുഞ്ഞിന്റെ തലയിലൊഴിച്ചാണ് ഷാർലറ്റിനെ ക്രിസ്തുമതത്തിലേക്ക് സ്വാഗതം ചെയ്തത്. 1841ൽ വിക്ടോറിയ രാജ്ഞിയുടെ മൂത്തമകൾക്ക് വേണ്ടി തയാറാക്കിയ സാറ്റിൻ ഗൗണായിരുന്നു രാജകുമാരിയുടെ വേഷം.

മാതാപിതാക്കളായ വില്യമിനും കേറ്റിനും ഒപ്പമാണ് രണ്ട് മാസം പ്രായമുളള ഷാർലറ്റ് ചടങ്ങുകൾക്കെത്തിയത്. കുഞ്ഞിന്റെ മുതുമുത്തശ്ശി എലിസബത്ത് രാജ്ഞിയടക്കം 21 പേർ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. കിഴക്കൻ ഇംഗ്ലണ്ടിലെ നോർഫോൾക്ക് സാൻഡ്രിഘാമിലുളള പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച സെന്റ് മേരീ മഗ്ഡാലൻസ് പളളിയിലായിരുന്നു ചടങ്ങുകൾ. പളളിയ്ക്ക് പുറത്ത് വൻജനാവലി തടിച്ച് കൂടിയിരുന്നു. ബ്രിട്ടീഷ് ദേശീയപതാക ആലേഖനം ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് ഇവർ തങ്ങളുടെ രാജകുമാരി സ്‌നാനപ്പെടുന്നത് കാണാനായി ദീർഘ നേരം പളളിയ്ക്ക് പുറത്ത് കാത്ത് നിന്നത്.

പളളിയ്ക്ക് തൊട്ടടുത്തുളള കൊട്ടാരത്തിൽ നിന്ന് വില്യമും കേറ്റും മകൻ ജോർജും ഷാർലറ്റുമായി നടന്നാണ് പളളിയിലേക്ക് കുർബാനയ്‌ക്കെത്തിയത്. മെയ് രണ്ടിന് പിറന്ന കുഞ്ഞിനെ രണ്ടാം തവണയാണ് പൊതുജനങ്ങൾ കാണുന്നത്. എലിസബത്ത് രാജ്ഞി തന്റെ കുഞ്ഞുങ്ങൾക്ക് സഞ്ചരിക്കാനുപയോഗിച്ചിരുന്ന വണ്ടിയിലായിരുന്നു ഷാർലറ്റ് ചടങ്ങിനെത്തിയത്. അമ്മ കേറ്റാണ് വണ്ടി ഉരുട്ടിയിരുന്നത്. ക്രീം നിറത്തിലുളള വസ്ത്രവും തൊപ്പിയുമായിരുന്നു കേറ്റിന്റെ വേഷം. അടുത്തമാസം രണ്ട് വയസ് തികയുന്ന സഹോദരൻ ജോർജ് ചുവന്ന നിറത്തിലുളള പാന്റ്‌സും തുന്നൽപ്പണികളുളള വെളള ഷർട്ടുമാണ് ധരിച്ചിരുന്നത്.

ഭാവിയിലെ മൂന്ന് രാജാക്കൻമാരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ചാൾസും വില്യമും ജോർജ്ജും. ഇവരെക്കൂടാതെ 89 വയസുളള രാജ്ഞിയും ഭർത്താവ് ഫിലിപ്പും, കേറ്റിന്റെ മാതാപിതാക്കളായ കരോളും മൈക്കിൾ മിഡിൽടണും ചടങ്ങിനെത്തി. ഷാർലറ്റിന്റെ തലതൊട്ടപ്പൻമാരായി അഞ്ച്‌പേരെ നേരത്തെ തന്നെ വില്യമും കേറ്റും പ്രഖ്യാപിച്ചിരുന്നു. വില്യമിന്റെ ബന്ധു ലോറ ഫേലോയെസ്, കേറ്റിന്റെ ബന്ധു ആഡം മിഡിൽടണും കേറ്റിന്റെ സുഹൃത്ത് സോഫി കാർട്ടറും വില്യമിന്റെ അടുത്ത സുഹൃത്തുക്കളായ ജെയിംസ് മെഡെ, തോമസ് വാൻ സ്ട്രൗബെൻസെ എന്നിവരാണത്.

വില്യമിന്റെ അമ്മ ഡയാനയുമായി വളരെയടുപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ മരിയോ ടെസ്റ്റിനോ ചടങ്ങുകൾ ക്യാമറയിൽ പകർത്തി. ചടങ്ങുകൾക്ക് ശേഷം അതിഥികൾക്ക് ചായ സൽക്കാരം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ആഘോഷത്തിൽ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പങ്ക് ചേർന്നു. ക്രിസ്തുമതത്തിലേക്ക് പുതുതായി കടന്നുവന്ന കുഞ്ഞു രാജകുമാരിയ്ക്ക് അദ്ദേഹം ട്വിറ്ററിലൂടെ ആശംസകൾ നേർന്നു.