കാമറൂണിന്റെ ചൈൽഡ് കെയർ ബിൽ അവ്യക്തവും അപര്യാപ്തവുമെന്ന് ആക്ഷേപം

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ശിശുസംരക്ഷണ ബിൽ അപര്യാപ്തവും അവ്യക്തവുമാണെന്ന ആരോപണവുമായി പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലെ പ്രധാന സമ്മർദ്ദ ഗ്രൂപ്പ് രംഗത്ത്.
 | 
കാമറൂണിന്റെ ചൈൽഡ് കെയർ ബിൽ അവ്യക്തവും അപര്യാപ്തവുമെന്ന് ആക്ഷേപം

 

ലണ്ടൻ: പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ശിശുസംരക്ഷണ ബിൽ അപര്യാപ്തവും അവ്യക്തവുമാണെന്ന ആരോപണവുമായി പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സിലെ പ്രധാന സമ്മർദ്ദ ഗ്രൂപ്പ് രംഗത്ത്. ഇത് തികച്ചും അസ്ഥി പഞ്ജരം മാത്രമാണെന്നും ഡെലിഗേറ്റഡ് പവേഴ്‌സ് ആന്റ് റെഗുലേറ്ററി റിഫോം സമിതി കുറ്റപ്പെടുത്തുന്നു. ആഴ്ചയിൽ മുപ്പത് മണിക്കൂറാണ് കുട്ടികളുടെ ശ്രദ്ധയ്ക്കായി ബിൽ നിർദേശിക്കുന്നത്. അതേസമയം ഇത് ആവശ്യത്തിന് ചർച്ച ചെയ്യാതെ ആണെന്നും ആരോപണമുണ്ട്.

രക്ഷാകർത്താക്കൾക്ക് ശക്തമായ സന്ദേശമാണ് ബില്ലിലൂടെ നൽകുന്നത് എന്ന് പറയുന്ന മന്ത്രിമാരെയും സമിതി അപലപിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി ശക്തമായ നിയമങ്ങളാണ് സന്ദേശങ്ങളല്ല വേണ്ടതെന്നും ഇവർ പറയുന്നു. ഇത് രണ്ടാം തവണയാണ് ബിൽ വിവാദങ്ങളിൽ കുടുങ്ങുന്നത്. കഴിഞ്ഞയാഴ്ച ബിൽ അവതരിപ്പിച്ചപ്പോൾ കൺസർവേറ്റുകളാണ് എതിർപ്പുകളുമായി രംഗത്തെത്തിയത്. കുട്ടികളുടെ അച്ഛനമ്മമാരിൽ ഇരുവരും ജോലിക്കാരാണോ എന്ന കാര്യം വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ നഴ്‌സറി അധ്യാപകരെയും രക്ഷകർത്താക്കളെയും ജയിലിലടയ്ക്കുന്ന വകുപ്പ് നിർദയം ആണെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.

കമ്മിറ്റി ഘട്ടമെത്തും മുമ്പ് പോലും ഇത്രയേറെ വിമർശിക്കപ്പെട്ട മറ്റൊരു ബിൽ ഉണ്ടായിട്ടില്ല. ബുധനാഴ്ച നടക്കുന്ന കമ്മിറ്റി ഘട്ടത്തിലും സമ്മർദ്ദ ഗ്രൂപ്പുകൾ എതിർപ്പുമായി എത്തുമെന്നാണ് കരുതുന്നത്. ബില്ലിലെ അപര്യാപ്തതകൾ കാലാകാലങ്ങളിലായി നടത്തുന്ന നിയമനിർമാണത്തിലൂടെ പരിഹരിക്കാമെന്നാണ് മന്ത്രിമാരുടെ നിലപാട്. എന്നാൽ ഒന്നുമില്ലാത്ത ബില്ല് പാസാക്കി പിന്നീട് കൂട്ടിച്ചേർക്കലുകൾ നടത്താമെന്ന സർക്കാർ നിലപാടിനെ എതിരാളികൾ പരിഹസിക്കുന്നു.

ബിൽ എത്രയും വേഗം നടപ്പാക്കണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. രക്ഷാകർത്താക്കളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനും കുട്ടികൾക്ക് ജീവിതത്തിൽ നല്ല തുടക്കം കുറിയ്ക്കുന്നതിനും തങ്ങൾ നടത്തിയ ശ്രമങ്ങൾക്ക് മാപ്പ് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നു. ഇത് വളരെ സുപ്രധാനമായ നിയമനിർമാണമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.