കുവൈറ്റിലേക്ക് വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനായി നവംബര് രണ്ടാം വാരം ബംഗളൂരുവില് ഇന്റര്വ്യൂ നടത്തുമെന്ന് പരസ്യം പുറത്തുവന്നിരുന്നു.
 | 
കുവൈറ്റിലേക്ക് വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ സജീവമാകുന്നതായി ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കുവൈറ്റ് സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിലേക്ക് നഴ്‌സുമാരെ ആവശ്യമുള്ളതായി കാണിച്ച് ഓണ്‍ലൈനില്‍ വ്യാപക പരസ്യം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് എംബസി മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. കുവൈറ്റിലേക്ക് ഇന്ത്യന്‍ നഴ്‌സുമാരെ എടുക്കുന്നത് സംബന്ധിച്ച് കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് എംബസി അറിയിച്ചു.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനായി നവംബര്‍ രണ്ടാം വാരം ബംഗളൂരുവില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് പരസ്യം പുറത്തുവന്നിരുന്നു. ന്യൂഡല്‍ഹി ആസ്ഥാനമാക്കിയുള്ള സി.എ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ പേരിലാണ് ഓണ്‍ലൈനില്‍ വ്യാജ പ്രചാരണം നടന്നത്. വ്യാജ പരസ്യമാണിതെന്നും ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊരു തീരുമാനവും പുറത്തുവന്നിട്ടില്ലെന്നും കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന് വ്യാജ വാ്ഗദാനം നല്‍കുന്ന തരത്തില്‍ നിരവധി പരസ്യങ്ങള്‍ സമീപകാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയില്‍ ഭൂരിഭാഗവും വ്യാജ കമ്പനികളാണ്. ബംഗുളൂരു, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി തുടങ്ങിയ നഗരങ്ങള്‍ ആസ്ഥാനമാക്കിയാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. റിക്രൂട്ട്‌മെന്റ് വാഗ്ദാനം ചെയ്ത് പണം തട്ടുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.