ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റിന് പൊന്നുംവില; പ്രവാസികള്‍ ദുരിതത്തില്‍

ഒമാന്, ഖത്തര്, ബഹ്റൈന്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണെങ്കിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ വര്ദ്ധനവുണ്ട്.
 | 
ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റിന് പൊന്നുംവില; പ്രവാസികള്‍ ദുരിതത്തില്‍

കൊച്ചി: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രാക്കൂലിയില്‍ വന്‍ വര്‍ദ്ധനവ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വന്‍തുകയാണ് ഗള്‍ഫിലേക്ക് യാത്ര ചെയ്യാന്‍ ഈടാക്കുന്നത്. വലിയ പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളില്‍ മിക്കവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണെങ്കിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ വര്‍ദ്ധനവുണ്ട്. നേരത്തെ ശരാശരി 18,000 രൂപയുണ്ടായിരുന്നയിടത്ത് ഇപ്പോള്‍ 70,000 രൂപ വരെയാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇത് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. വിമാനക്കമ്പനികള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

യുഎഇയിലേക്ക് 22,000 മുതല്‍ 30,000 വരെയാണ് നിരക്ക്. നേരത്തെ ഇത് ശരാശരി ആറായിരമായിരുന്നു. വേനലവധിയും പെരുന്നാള്‍ അവധിയും കഴിഞ്ഞ് തിരികെ പോകുന്നവര്‍ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. നിരക്കില്‍ ഏകീകരണമുണ്ടാക്കാനുള്ള നടപടികള്‍ കേന്ദ്രം കൈക്കൊള്ളുന്നില്ലെന്ന് നേരത്തെ പ്രവാസികള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതോടെ നിരക്ക് നിയന്ത്രണമെന്ന ആവശ്യം ശക്തമാവുകയാണ്.