ഒമാന്‍ എയറിന് പിന്നാലെ മാക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫ്‌ളൈ ദുബായ്

മാക്ബുക്ക് പ്രോ 15 ഇഞ്ച് ലാപ്ടോപ്പുകളുടെ ബാറ്ററിക്ക് തീപിടിക്കാന് സാധ്യതയുള്ളതായി റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു.
 | 
ഒമാന്‍ എയറിന് പിന്നാലെ മാക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫ്‌ളൈ ദുബായ്

ദുബായ്: മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളുടെ ചില മോഡലുകള്‍ക്ക് ഫ്‌ളൈ ദുബായ് വിമാനങ്ങളിലും വിലക്കേര്‍പ്പെടുത്തി. ഒമാന്‍ എയര്‍, ഇത്തിഹാദ്, എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ നേരത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഗള്‍ഫിലേക്ക് മാക്ബുക്ക് പ്രോ കൊണ്ടുപോകുന്നതിന് പ്രയാസം നേരിടും.

മാക്ബുക്ക് പ്രോ 15 ഇഞ്ച് ലാപ്ടോപ്പുകളുടെ ബാറ്ററിക്ക് തീപിടിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇത്തരം ലാപ്ടോപ്പുകള്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി വിമാനക്കമ്പനികള്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഹാന്‍ഡ് ബാഗുകളില്‍ ഇവ കൊണ്ടുപോകാന്‍ കഴിയും. പക്ഷേ ഇവ പ്രവര്‍ത്തിപ്പിക്കാനോ ചാര്‍ജ് ചെയ്യാനോ അനുവാദമുണ്ടാവില്ല.

എയര്‍ലൈന്‍ കമ്പനികളുടെ നടപടിയെക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. ബാറ്ററിക്ക് തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളോടും അധികൃതര്‍ പ്രതികരിച്ചിരുന്നില്ല. 2015 സെപ്തംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ വിറ്റഴിക്കപ്പെട്ട മാക്ബുക്ക് പ്രോ 15 ഇഞ്ച് ലാപ്ടോപ്പുകള്‍ക്കാണ് സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വിവിധ വിമാനക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാക്ബുക്ക് പ്രോ 15 ഇഞ്ച് മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എയര്‍ ഇന്ത്യ, ഇത്തിഹാദ്, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികളാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന മറ്റു കമ്പനികള്‍.