ഷാര്‍ജയിലെ താരമായി ഇന്ത്യയില്‍ നിന്നെത്തിയ ഡയമണ്ട് മോതിരം; വില 35 കോടി രൂപ

ലോകത്തിലെ തന്നെ മികച്ച ഡയമണ്ട് ആഭരണങ്ങളുടെ നിര്മ്മാതാക്കളായ ലക്ഷിക ജുവല്സാണ് മോതിരത്തിന്റെ ഉടമസ്ഥര്.
 | 
ഷാര്‍ജയിലെ താരമായി ഇന്ത്യയില്‍ നിന്നെത്തിയ ഡയമണ്ട് മോതിരം; വില 35 കോടി രൂപ

ഷാര്‍ജ: വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് പ്രദര്‍ശനത്തിലെ താരമാണ് ഇന്ത്യയില്‍ നിന്നെത്തിയ ഡയമണ്ട് മോതിരം. ഡല്‍ഹിയിലെ ലോട്ടസ് ടെംപിളിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന മോതിരത്തിന്റെ വില 35 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഡയമണ്ടുകള്‍ പതിച്ച മോതിരവും ഇതു തന്നെയാണ്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട്.

താമരയുടെ 27 ഇതളുകളില്‍ 7,777 ഫൈന്‍ കട്ട് ഡയമണ്ടുകളാണ് പതിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച ഡയമണ്ട് ആഭരണങ്ങളുടെ നിര്‍മ്മാതാക്കളായ ലക്ഷിക ജുവല്‍സാണ് മോതിരത്തിന്റെ ഉടമസ്ഥര്‍. ഇതുവരെ മോതിരം തേടി ഉപഭോക്താക്കള്‍ ആരും എത്തിയിട്ടില്ലെങ്കിലും ആഭരണ പ്രേമികളില്‍ നിന്ന് നിരവധി അന്വേഷണങ്ങളെത്തുന്നുണ്ട്. മുംബൈയിലാണ് ലക്ഷിക ജുവല്‍സ് പ്രവര്‍ത്തിക്കുന്നത്.

ലോകത്തെമ്പാടുമുള്ള ആഭരണ പ്രേമികളെത്തുന്ന ഫെസ്റ്റിവലുകളിലൊന്നാണ് വാച്ച് ആന്‍ഡ് ജ്വല്ലറി മിഡിലീസ്റ്റ്. വിസ്മയകരമായ അപൂര്‍വ്വം കളക്ഷനുകളാണ് ഇവിടെ പ്രദര്‍ശനത്തിനെത്തുക. ഇന്ത്യയില്‍ നിന്ന് എത്തിയ ആകര്‍ഷകമായ മോഡലുകളിലൊന്നാണ് ലോട്ടസ് ടെംപിളിന്റെ മാതൃകയിലുള്ള മോതിരം. ഗള്‍ഫ് രാജ്യങ്ങളിലെ പുരാതന ചരിത്രം വിളിച്ചോതുന്ന സമാന മോഡലുകളുണ്ടാക്കാനും ലക്ഷിക ജുവല്‍സ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.