ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് 105 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍

ബലിപ്പെരുന്നാള് ദിനത്തില് മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതയുടെ കാര്യത്തിലും ഉചിതമായ തീരുമാനം കൈക്കൊള്ളും.
 | 
ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് 105 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍

മനാമ: ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് 105 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ജയിലിലെ നല്ല നടപ്പുകാരായ 105 പേരാകും പുറത്തിറങ്ങുകയെന്ന് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്. ത്യാഗത്തിന്റെ പ്രതീകമായി മുസ്ലിങ്ങള്‍ ആഘോഷിക്കുന്ന ബക്രീദ് ദിന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയാണ് തടവുകാരെ മോചിപ്പിക്കാനുള്ള കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

ജയിലില്‍ നല്ലനടപ്പുകാരായ തടവുകാരെയാവും മോചിപ്പിക്കുക. രാജ്യത്തിന്റെയും പുരോഗതിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് മോചനത്തിലൂടെ തടവുകാര്‍ക്ക് കൈവന്നിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് 669 തടവുകാരെ മോചിപ്പിക്കുമെന്ന് യു.എ.ഇയും പ്രഖ്യാപിച്ചിരുന്നു. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ഇനിയുള്ള കാലം ജീവിക്കാനുമുള്ള അവസരമൊരുക്കുമെന്നും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

ബലിപ്പെരുന്നാള്‍ ദിനത്തില്‍ മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതയുടെ കാര്യത്തിലും ഉചിതമായ തീരുമാനം കൈക്കൊള്ളും. ബാധ്യതയുള്ളവരെ തരംതിരിച്ച് പ്രത്യേക പരിഗണന നല്‍കുമെന്നും യു.എ.ഇ അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യു.എ.ഇയിലെ മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.