ബുർജ് ഖലീഫയിലെ പുതുവർഷ ആഘോഷം; സുരക്ഷയ്ക്ക് 2,500 ഉദ്യോഗസ്ഥർ

പുതുവർഷ ആഘോഷങ്ങൾക്കായി ദുബായിലെ പ്രധാന ആകർഷണമായ ബുർജ് ഖലീഫ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 2,500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പുതുവർഷ ദിനത്തിൽ ബുർജ് ഖലീഫയ്ക്കും പരിസരത്തും സുരക്ഷ ഒരുക്കുന്നതിനും ട്രാഫിക് നിയന്ത്രിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.
 | 
ബുർജ് ഖലീഫയിലെ പുതുവർഷ ആഘോഷം; സുരക്ഷയ്ക്ക് 2,500 ഉദ്യോഗസ്ഥർ

 

ദുബായ്: പുതുവർഷ ആഘോഷങ്ങൾക്കായി ദുബായിലെ പ്രധാന ആകർഷണമായ ബുർജ് ഖലീഫ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 2,500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പുതുവർഷ ദിനത്തിൽ ബുർജ് ഖലീഫയ്ക്കും പരിസരത്തും സുരക്ഷ ഒരുക്കുന്നതിനും ട്രാഫിക് നിയന്ത്രിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതിനായി ഒരു ആൻഡ്രോയിഡ് ആപും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി) വിശദീകരിച്ചു. ദുബായ് പോലീസും സിവിൽ ഡിഫൻസുമാണ് ജനങ്ങൾക്കു വേണ്ട സുരക്ഷയൊരുക്കുന്നത്.

അന്നേ ദിവസം ബുർജ് ഖലീഫ മെട്രോ സ്‌റ്റേഷൻ അടച്ചിടാനും, പകരം ബിസിനസ് ബേയും ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ സ്റ്റേഷനും പ്രയോജനപ്പെടുത്താനുമാണ് അധികാരികൾ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

ബുർജ് ഖലീഫയുടെ പരിസരത്തായി 16 സഹകരണ സേവന ടെന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവിടെ ഡോക്ടർമാരും, പ്രാഥമിക ശുശ്രൂഷാ സംവിധാനങ്ങളും, ഹെൽപ് ഡെസ്‌കും, പോലീസ് എയ്ഡ് പോസ്റ്റും  ഉണ്ടായിരിക്കും.

2013 ൽ 17 ലക്ഷം ആളുകളാണ് ബുർജ് ഖലീഫയിൽ നടന്ന പുതുവർഷ ആഘോഷത്തിൽ പങ്കെടുത്തത്. ഈ വർഷം 12-14 ലക്ഷം ആളുകളെ പ്രതീക്ഷിക്കുന്നതായി ഇ.എസ്.സി തലവൻ കേണൽ അബ്ദുള്ള ഖലീഫ അൽമേറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിശ നിർദേശിക്കാനും വഴി കാണിക്കാനുമുള്ള ബോർഡുകളും സ്ഥാപിക്കും.

പരിപാടിയെ കുറിച്ചും, പാർക്കിങ് സ്ഥലം, ശുചിമുറി, എ.ടി.എം, ഹെൽപ് ഡെസ്‌ക്, ഇൻഫർമേഷൻ സെന്റർ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങളും ആപിലൂടെ ലഭ്യമാകും. എവിടെയാണ് തങ്ങളുടെ വാഹനം പാർക്ക് ചെയ്തിരിക്കുന്നതെന്ന് രേഖപ്പെടുത്താനും ആപ് വഴി സാധിക്കും. പരിപാടിയിൽ പങ്കെടുക്കാനായി ഹോട്ടലിൽ മുറി ബുക്ക് ചെയ്തവർ വൈകിട്ട് ആറുമണിയോടെ യഥാ സ്ഥലത്ത് എത്തിച്ചേരാൻ ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. തിരക്കിനെ തുടർന്ന് റോഡ് ബ്ലോക്കാകാൻ സാധ്യതയുള്ളതിനാലാണിത്. പൊതുജനങ്ങൾക്കായി നാലിടങ്ങളിൽ നിന്നും സൗജന്യ ഷട്ടിൽ ബസ് യാത്രയും ഒരുക്കിയിട്ടുണ്ട്.