കാക്കയുടെ ശല്യം കാരണം പുറത്തിറങ്ങാനാകാതെ ഒരു അറബി; എവിടെ കണ്ടാലും കൊത്തും

ഇസ്മയിൽ അൽ മാസം എന്ന ദുബായ് സ്വദേശിയായ അറബിക്ക് ഇത് കഷ്ടകാലമാണ്. വീടിന് പുറത്തിറങ്ങിയാൽ ഉടനേ രണ്ട് കാക്കകൾ വന്ന് അദ്ദേഹത്തിന്റെ തലയിൽ കൊത്തും. തൊട്ടടുത്ത് തന്നെ കൂട് വച്ചിട്ടുള്ള ഒരു കാക്ക കുടംബമാണ് ഇസ്മയിലിനെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്.
 | 
കാക്കയുടെ ശല്യം കാരണം പുറത്തിറങ്ങാനാകാതെ ഒരു അറബി; എവിടെ കണ്ടാലും കൊത്തും

 

ദുബായ്: ഇസ്മയിൽ അൽ മാസം എന്ന ദുബായ് സ്വദേശിയായ അറബിക്ക് ഇത് കഷ്ടകാലമാണ്. വീടിന് പുറത്തിറങ്ങിയാൽ ഉടനേ രണ്ട് കാക്കകൾ വന്ന് അദ്ദേഹത്തിന്റെ തലയിൽ കൊത്തും. തൊട്ടടുത്ത് തന്നെ കൂട് വച്ചിട്ടുള്ള ഒരു കാക്ക കുടംബമാണ് ഇസ്മയിലിനെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്.

കുറച്ചുനാൾ മുൻപ് വീടിനടുത്തുള്ള മരച്ചുവട്ടിൽ ഒരു കാക്കക്കുഞ്ഞ് വീണുകിടക്കുന്നത് കണ്ടെന്നും അതിനെ രക്ഷിക്കാൻ ശ്രമിച്ചതിനേത്തുടർന്നാണ് ആക്രമണം തുടർക്കഥയായതെന്നും ഇസ്മയിൽ പറയുന്നു. കൂട്ടിൽ നിന്നും താഴെ വീണ കുഞ്ഞിനെ ഇസ്മയിൽ എടുത്തു കൊണ്ട് പോയിരുന്നു. രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണത് ചെയ്തത്. ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും അത് കഴിച്ചില്ല. അതിനാൽ പിന്നീട് അതേ സ്ഥലത്ത് തന്നെ കൊണ്ടുവക്കുകയും ചെയ്തിരുന്നു. പിറ്റേദിവസം കാക്കക്കുഞ്ഞ് ചത്തു കിടക്കുന്നത് കണ്ടെന്നും ഇസ്മയിൽ പറഞ്ഞു.

കുഞ്ഞിനെ എടുത്ത് കൊണ്ട് പോയപ്പോൾ തന്നെ കാക്ക ദമ്പതികൾ ശബ്ദമുണ്ടാക്കി പുറകേയെത്തിയിരുന്നു. കാക്കകൾ ഇപ്പോൾ വിചാരിക്കുന്നത് കുഞ്ഞിനെ താൻ കൊന്നു എന്നാകുമെന്നും ഇസ്മയിൽ കരുതുന്നു. അതുകൊണ്ട് തലയിൽ കൊത്തുമ്പോഴും അവരോട് പരിഭവമൊന്നുമില്ല. തെറ്റിദ്ധാരണ കൊണ്ടാണല്ലോ; ഇസ്മയിൽ കൂട്ടിച്ചേർക്കുന്നു.

മറ്റുള്ളവരുടെ കൂടെ പോകുമ്പോൾ ഇസമയിലിനെ കാക്ക തിരഞ്ഞ് പിടിച്ച് കൊത്താറുണ്ട്. സംഭവം ഷൂട്ട് ചെയ്യാനെത്തിയ ദുബായ് ടി.വി സംഘത്തിന് മുന്നിലും അത് തന്നെ സംഭവിച്ചു. എന്തായാലും കാക്കകളുടെ ദേഷ്യം മാറുന്നത് വരെ താൻ ശ്രദ്ധിച്ച് പുറത്തിറങ്ങേണ്ട സ്ഥിതിയാണെന്ന് ഇസ്മയിൽ പറയുന്നു.

കാക്കകളുടെ ആക്രമണത്തേക്കുറിച്ച് ദുബായ് ടി.വിയിൽ വന്ന വാർത്ത താഴെ കാണാം.