ഷവർമയിൽ സ്‌ക്രൂ; റസ്‌റ്റോറന്റിന് 83,000 രൂപ പിഴ

കേരളത്തിൽ ഷവർമ വില്ലനായിട്ട് അധിക കാലമായില്ല. ഇപ്പോഴിതാ ഷാർജയിലെ ഒരു റസ്റ്റോറന്റ് ഉടമയ്ക്കും ഷവർമ പണി കൊടുത്തിരിക്കുന്നു.
 | 
ഷവർമയിൽ സ്‌ക്രൂ; റസ്‌റ്റോറന്റിന് 83,000 രൂപ പിഴ

 

ഷാർജ: കേരളത്തിൽ ഷവർമ വില്ലനായിട്ട് അധിക കാലമായില്ല. ഇപ്പോഴിതാ ഷാർജയിലെ ഒരു റസ്‌റ്റോറന്റ് ഉടമയ്ക്കും ഷവർമ പണി കൊടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസം ഷാർജയിലെ ഒരു റസ്റ്റോറന്റിൽ നിന്നും യുവതി വാങ്ങിയ ഷവർമയിൽ സ്‌ക്രൂ കണ്ടെത്തിയതാണ് സംഭവം. ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഷാർജ മുനിസിപ്പാലിറ്റി റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ 5,000 ദിർഹം (83,000 രൂപ) പിഴ ചുമത്തുകയായിരുന്നു.

യുവതിയും സഹോദരനും ഓർഡർ ചെയ്ത ഷവർമയിൽ നിന്നാണ് സ്റ്റീലിന്റെ സ്‌ക്രൂ കിട്ടിയത്. ഇതിനെ തുടർന്ന് ഇവർ ഓൺലൈൻ വഴി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണം നടത്തുകയും പിഴ ചുമത്തുകയുമായിരുന്നു.